പ്രായം തെളിയിക്കുന്ന രേഖയല്ല ആധാർ കാർഡെന്ന് യുഐഡിഎഐ

പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡ് കണക്കാക്കില്ലെന്ന് യുഐഡിഎഐ. ഇതു സംബന്ധിച്ച അറിയിപ്പ് പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ചേര്‍ത്തു തുടങ്ങിയിട്ടുണ്ട്. ആധാറെടുക്കുമ്പോള്‍ നല്‍കിയ രേഖകളിലെ ജനനത്തീയതിയാണ് കാർഡിലുള്ളതെന്നാണ് യുഐഡിഎഐ അറിയിപ്പ് നൽകുന്നത്.

പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ പ്രായം തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന രേഖകളുടെ പട്ടികയില്‍ നിന്നും ആധാര്‍ ഒഴിവാക്കി. ആധാര്‍ പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്ന നിലപാടാണു വര്‍ഷങ്ങളായി പല കോടതികളിലും യുഐഡിഎഐ സ്വീകരിച്ചിരുന്നത്. കോടതികളും ഇതു തന്നെ ആവര്‍ത്തിച്ചു. എന്നാല്‍, ആദ്യമായാണ് ഇക്കാര്യം ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ വകുപ്പുകളടക്കം ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി നിലവിൽ ആധാർ ഉപയോഗിക്കുന്നുണ്ട്.