സ്കൂളുകളിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമാക്കും, ലക്ഷ്യം 220 പ്രവൃത്തി ദിനം

സ്കൂളുകളിൽ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ. ജൂൺ ഒന്നിന് മലയിൻകീഴ് ഗവ വി എച്ച് എസ് എസ്സില്‍ പ്രകാശനം ചെയ്യുന്ന അക്കാഡമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമായുണ്ടാകും.

എൻ സി സി, എന്‍എസ്എസ്, എസ്പിസി ലിറ്റിൽ കൈറ്റ്സ് തുടങ്ങി കായികം, കല ഉൾപ്പെടെയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത് ശനിയാഴ്ചകളിലാണ്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾക്ക് 220 പ്രവൃത്തി ദിനം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

എല്‍പി 800 മണിക്കൂറും, യുപിക്ക് ആയിരം മണിക്കൂറും ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് 1200 മണിക്കൂറുമാണ് ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ഹയർ സെക്കൻഡറിയിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരുന്നത് 2014ലാണ് മാറ്റിയത്.

വിഎച്ച്എസ്ഇക്ക് 2022 ഡിസംബറിലാണ് പ്രവൃത്തി ദിനം അഞ്ചാക്കി സർക്കാർ ഉത്തരവിറക്കിയത്.

പ്രവൃത്തി ദിനമാകുന്ന ശനിയാഴ്ചകൾ

ജൂൺ- 3, 17, 24
ജൂലായ്- 1,15,22,29
ആഗസ്റ്റ്- 5,19
സെപ്തംബർ- 16,23,30
ഒക്ടോബർ- 7,21,28
നവംബർ- 4,25
ഡിസംബർ- 2,16
2024 ജനുവരി- 6,20,27
ഫെബ്രുവരി- 3,17,24
മാർച്ച്- 2,16, 23