ശബരിമല സ്പെഷ്യൽ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചു

ചരിത്രത്തിൽ ആദ്യമായി ശബരിമല സ്പെഷ്യൽ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചു. ട്രെയിന് നമ്പർ 06019/06020 എറണാകുളം കാരൈക്കുടി എറണാകുളം സ്പെഷ്യൽ ട്രെയിനാണ് വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം, ആദിത്യപുരം സൂര്യദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്.

നവംബർ 30 മുതൽ ഡിസംബർ 28 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും വെളുപ്പിനെ 04:45ന് എറണാകുളം ജംഗ്ഷൻ നിന്നും ആരംഭിച്ച് 05: 25ന് വൈക്കത്തെത്തി കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, തിരുട്ടങ്ങൽ, വിരുദനഗർ, അറുപ്പുകൊട്ടൈ, മനമധുരൈ, ശിവഗംഗ വഴി രാത്രി 07 മണിക്ക് കാരൈക്കുടി ജംഗ്ഷനിൽ എത്തിച്ചേരും. അന്നേ ദിവസം രാത്രി 11: 30ന് കാരൈക്കുടി ജംഗ്ഷനിൽ നിന്നും പുറപ്പെട്ട് ഇതേ പാതയിലൂടെ പിറ്റേന്ന് രാവിലെ 10:49ന് വൈക്കത്ത് എത്തി രാവിലെ 11:40ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരുംവിധമാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം ചെങ്കോട്ട പാതയിലൂടെയുള്ള ഈ വർഷത്തെ ആദ്യ ശബരിമല സ്പെഷ്യൽ ട്രെയിനാണ് ഇത്. ട്രെയിന് റിസർവേഷൻ ഉടനെ തന്നെ ആരംഭിക്കും.