ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴയിൽ യാത്രക്കാരുടെ സംഘടനകളുടെ പേരിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണിത്. ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴി തന്നെയാക്കും. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന സർക്കാർ എന്നിവരുടെ അഭിപ്രായമനുസരിച്ചായിരിക്കും അന്തിമ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘടനകളുടെ പ്രതിഷേധവും വാർത്തകളും കണക്കിലെടുത്ത് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടിയിരുന്നു. ആലപ്പുഴ വഴി വന്ദേഭാരത് സർവ്വീസ് നടത്തുന്നത് രണ്ട് പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസിനെയാണ് ബാധിക്കുന്നത്. വൈകിട്ട് 6ന് എറണാകുളത്തു നിന്ന് പുറപ്പെടുന്നത് 6.25ന് മാറ്റുകയും കായംകുളത്ത് എത്തിച്ചേരുന്ന സമയം 9.05ആയി നിലനിറുത്തുകയും ചെയ്തു. രാത്രി 7.35ന് എറണാകുളത്തെത്തുന്ന പാസഞ്ചറിന്റെ സമയം വന്ദേഭാരത് വന്നതോടെ 7.50ഉം ആക്കി ആലപ്പുഴ വഴിയുളള ദീർഘദൂര ട്രെയിനുകളുടെ സർവ്വീസിനെ വന്ദേഭാരത് സർവ്വീസ് ബാധിച്ചിട്ടില്ല.
ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസർകോട് സർവ്വീസ് രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സർവ്വീസാണ്. 200% ആണ് ബുക്കിംഗ് ഡിമാൻഡ്. കോട്ടയം വഴിയുള്ള സർവ്വീസിന് 186% ആണ് ഡിമാൻഡ്.