സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഇടിയോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യത. വരുന്ന മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ രാജസ്ഥാനും മദ്ധ്യപ്രദേശിനും മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലേക്ക് നീങ്ങാൻ സാധ്യത. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ വരുന്ന നാല് ദിവസം മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്ന് മുൻപ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
കേരള തീരത്ത് ഇന്നുരാത്രി 11. 30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രാത്രി 11. 30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.