ട്രെയിൻ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിശ്രമിക്കാനായി കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ എയർ കണ്ടീഷൻ ചെയ്ത ‘സ്ലീപ്പിംഗ് പോഡുകൾ’ ഒരുങ്ങുന്നു. ആലുവ, എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനുകളിലാണ് ദക്ഷിണ റെയിൽവേ ആധുനിക സൗകര്യങ്ങളോടു കൂടിയ എക്സിക്യൂട്ടീവ് ലോഞ്ചുകൾ നിർമ്മിക്കുന്നത്. മണിക്കൂറിന് 99 രൂപ മുതലായിരിക്കും ഇതിന്റെ നിരക്ക്.
ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള റെയില്‍വേയുടെ സ്ഥലത്താണ് പുതിയ സൗകര്യം ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ടുനില കെട്ടിടമാണ് പദ്ധതിയിലുള്ളത്. എറണാകുളം ജംഗ്ഷനില്‍ നിലവിലുള്ള എസി വെയിറ്റിങ് റൂമിന് മുകളിലായി പ്രധാന പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്താണ് പുതിയ ലോഞ്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
യാത്രക്കാര്‍ക്ക് ഏതാനും മണിക്കൂര്‍ മാത്രമാണ് വിശ്രമിക്കേണ്ടതെങ്കില്‍ ഒരു ദിവസത്തെ ഹോട്ടല്‍ വാടക നല്‍കേണ്ടിവരില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും വാടക ഈടാക്കുക. തുടക്കത്തില്‍ മണിക്കൂറിന് 99 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സൗകര്യങ്ങള്‍ ഇങ്ങനെ
. കിടന്ന് വിശ്രമിക്കാനുള്ള ബെഡ്: യാത്രാക്ഷീണം മാറ്റാന്‍ കിടന്നുറങ്ങാനുള്ള സൗകര്യം.
. എസി സൗകര്യം: സുഖകരമായ അന്തരീക്ഷത്തില്‍ വിശ്രമിക്കാം.
. സ്വകാര്യത: ക്യാബിനുകളില്‍ സ്വകാര്യമായി സമയം ചെലവഴിക്കാം.
. മൊബൈല്‍ ചാര്‍ജിങ്: ഫോണും മറ്റ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യാം.
. റീഡിങ് ലൈറ്റ്: വായിക്കാനും മറ്റ് ചെറിയ ജോലികള്‍ ചെയ്യാനും പ്രത്യേക വെളിച്ചം.
. വൈഫൈ: ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം
ആര്‍ക്കൊക്കെയാണ് ഈ സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുക?
ദീര്‍ഘദൂര യാത്രയ്ക്കിടെ ട്രെയിന്‍ മാറിക്കയറേണ്ടവര്‍, കണക്ഷന്‍ ട്രെയിനിനായി ഏറെ നേരം കാത്തിരിക്കേണ്ടവര്‍, ട്രെയിന്‍ വൈകുന്നതിനാല്‍ സ്റ്റേഷനില്‍ കുടുങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് സ്ലീപ്പിങ് പോഡുകള്‍ സഹായകരമാകും. വെയിറ്റിങ് ഹാള്‍ പ്രധാനമായും ഇരുന്ന് കാത്തിരിക്കാനുള്ള ഇടമാണ്. പുതിയ സ്ലീപ്പിങ് പോഡുകളാണെങ്കില്‍ കിടന്ന് വിശ്രമിക്കാനും കൂടുതല്‍ സ്വകാര്യത ലഭിക്കാനും സഹായകരമാകും. ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷമാണ് പദ്ധതിയുടെ തുടര്‍നടപടികളും പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുക.
