ബിസ്‌ക്കറ്റുകളിലെ ചെറിയ ദ്വാരങ്ങൾക്ക് പിന്നിലെ രഹസ്യമറിയാമോ…?

ബിസ്ക്‌കറ്റ് പാക്കറ്റ് തുറക്കുമ്പോൾ കാണുന്ന ആ ചെറിയ ദ്വാരങ്ങൾ, അതിൻ്റെ രൂപവും രുചിയും ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ബിസ്ക്കറ്റുകളിലെ ഈ ചെറിയ ദ്വാരങ്ങളെ ‘ഡോക്കർ ഹോളുകൾ എന്നാണ് വിളിക്കുന്നത്. ബിസ്ക്‌കറ്റ് മാവ് വലിയ ഓവനുകളിൽ ബേക്കിങ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപ് പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഈ കുത്തുകൾ ഇടുന്നത്. ഈ പ്രക്രിയയെ ഡോക്കിങ് എന്ന് വിളിക്കുന്നു.

എന്തുകൊണ്ട് ഈ ദ്വാരങ്ങൾ?

ബിസ്ക്കറ്റ് മാവിൽ വെള്ളം, കൊഴുപ്പ്, മാവ്, ചിലപ്പോൾ ബേക്കിങ് ഏജന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഉയർന്ന താപനിലയിൽ ഓവനിലേക്ക് വയ്ക്കുമ്പോൾ, മാവിനുള്ളിലെ ഈർപ്പം വേഗത്തിൽ നീരാവിയായി മാറാൻ തുടങ്ങുന്നു ഈ നീരാവിക്ക് പുറത്തുപോകാൻ വഴിയില്ലെങ്കിൽ ബിസ്ക്കറ്റിനുള്ളിൽ ശക്ത‌മായ മർദം രൂപപ്പെടുകയും അത് ബിസ്ക്കറ്റിനെ ബ്രെഡ് പോലെ വീർപ്പിക്കുകയോ പൊട്ടിക്കുകയോ ചെയ്യും. അതേസമയം, ചെറിയ ദ്വാരങ്ങളിലൂടെ ഈ നീരാവി സുഗമമായി പുറത്തുപോകുമ്പോൾ, ബിസ്ക്കറ്റുകൾ പരന്നതും മൊരിഞ്ഞതുമാകുന്നു

ക്രാക്കറുകൾ, ക്രീം ബിസ്ക്‌കറ്റുകൾ ഡൈജസ്‌റ്റീവ് ബിസ്ക്കറ്റുകൾ എന്നിവയിലെല്ലാം പതിറ്റാണ്ടുകളായി ഈ രീതി പിന്തുടരുന്നുണ്ട്. പീത്‌സ ബേസുകൾ പൈ ക്രസ്‌റ്റുകൾ എന്നിവ ഉണ്ടാക്കുമ്പോഴും ബേക്കിങ്ങിലെ അസമത്വം തടയാൻ ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്.

എല്ലാ ബിസ്ക്‌കറ്റുകളിലും ദ്വാരങ്ങൾ ഉണ്ടാകാറുണ്ടോ?

എല്ലാ ബിസ്ക്കറ്റുകളിലും ഇത്തരം ദ്വാരങ്ങൾ ഉണ്ടാകാറില്ല. ക്രാക്കറുകൾക്കും ടീ ബിസ്ക്കറ്റുകൾക്കും മൊരിഞ്ഞ ഘടന ലഭിക്കാൻ ഡോക്കിങ് അത്യാവശ്യമാണ് എന്നാൽ, ചോക്ലേറ്റ് ചിപ്പ് കുക്കികൾ, കേക്കുകൾ തുടങ്ങിയവ മൃദുവായും ചവച്ചരയ്ക്കാൻ പാകത്തിലും ആയിരിക്കണം എന്നതിനാൽ അവയിൽ ഡോക്കിങ് ഒഴിവാക്കുന്നു.

പൊടിഞ്ഞുപോകില്ല…

ഈ ചെറിയ ദ്വാരങ്ങൾ ബിസ്‌കറ്റിൻ്റെ ഘടന സംരക്ഷിക്കുന്നതോടൊപ്പം വാണിജ്യപരമായും ഏറെ പ്രധാനമാണ് പരന്ന രൂപത്തിലുള്ള ബിസ്ക്കറ്റുകൾ പാക്കറ്റുകൾക്കുള്ളിൽ കൃത്യമായി അടുക്കിവയ്ക്കാൻ എളുപ്പമാണ് ഇത് ബിസ്ക്‌കറ്റുകൾ ഒരു സ്‌ഥലത്ത് നിന്ന് മറ്റ് സ്‌ഥലത്തേക്ക് എത്തിക്കുന്ന സമയത്ത് അവ പൊടിഞ്ഞുപോകുന്നത് വലിയ അളവിൽ തടയുന്നു സ്‌റ്റോർ ഷെൽഫുകളിൽ കൂടുതൽ കാലം ക്രിസ്‌പി ആയിരിക്കാൻ ഇത് സഹായിക്കുന്നു. ലക്ഷക്കണക്കിന് ബിസ്ക്‌കറ്റുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് വിവിധ ഫാക്‌ടറികളിലും ഒരേപോലെയുള്ള ഗുണനിലവാരം ഉറപ്പാക്കാൻ ഈ സൂക്ഷ്‌മ പ്രക്രിയ സഹായിക്കുന്നു.