ജൂൺ അഞ്ചുമുതൽ എ.ഐ. ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതലയോഗം 24-ന് ചേരും. ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് പദ്ധതിക്ക് അനുമതി നൽകി സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണുമായി കരാർ ഒപ്പിടേണ്ടതുണ്ട്. നിലവിൽ കൺട്രോൾ റൂമുകളിൽനിന്നും ബോധവത്കരണ നോട്ടീസ് നൽകുന്നുണ്ട്. ജൂൺ നാലുവരെമാത്രമേ ഇതുണ്ടാകൂ. ഇതിനുശേഷം പിഴനോട്ടീസ് അയച്ചുതുടങ്ങും.
ഉദ്യോഗസ്ഥതലത്തിൽ പ്രാഥമിക പരിശോധന നടത്തിയശേഷമാകും പിഴ ചുമത്തുക. ക്യാമറ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയശേഷം മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർക്കൊപ്പം കുട്ടികളെക്കൂടി കൊണ്ടുപോകാൻ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്രനിയമത്തിന് എതിരായ വ്യവസ്ഥ ആയതിനാൽ ഇളവ് ലഭിക്കാനിടയില്ല.
രണ്ടുപേർക്കൊപ്പം കുട്ടികളെക്കൂടി കൊണ്ടുപോകുന്നത് ഇപ്പോഴും നിയമവിരുദ്ധമാണെങ്കിലും പിഴ ഈടാക്കുന്നില്ല. ക്യാമറയിൽ ഇത്തരം ഇളവ് ലഭിക്കില്ല. എന്നാൽ ക്യാമറ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളുടെ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് ഇതൊഴിവാക്കാനാകും. പൊതുവികാരം എതിരായതിനാൽ കുട്ടികൾക്ക് പിഴ ചുമത്തി പഴികേൾക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. നിയമവിരുദ്ധമായതിനാൽ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കാൻ സർക്കാരിനോ മോട്ടോർവാഹന വകുപ്പിനോ കഴിയില്ല.
കുട്ടികളുമായി അലക്ഷ്യമായും അതിവേഗത്തിലും വാഹനം ഓടിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകും. കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നത് ഭാവിയിൽ കർശനമാക്കാനും ആലോചനയുണ്ട്.