വൈദ്യുതി കണക്ഷൻ നിരക്കുകളിൽ 90% വരെ കുറവ് വരുത്തി കെഎസ്ഇബി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 2026 ഒക്ടോബർ 12 മുതൽ പണമടയ്ക്കുന്നവർക്ക് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു പുതിയ സർവീസ് കണക്ഷൻ, കണക്റ്റഡ് ലോഡ് മാറ്റം, ഫേസ് മാറ്റം, ഹൈ ടെൻഷൻ കണക്ഷനുകൾ എന്നിവയ്ക്ക് എസ്റ്റിമേറ്റ് എടുക്കാതെ, ഓഫിസിലെത്താതെ പണമടയ്ക്കാനാകുന്ന നിരക്കുകളാണ് നിലവിൽ വന്നിരിക്കുന്നത്.
നേരത്തെ കണക്ഷനായി ഓവർഹെഡ് ലൈനോ ഇലക്ട്രിക് പോസ്റ്റോ ട്രാൻസ്ഫോർമറോ പുതുതായി സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ ചെലവ് മുഴുവനും ഉപഭോക്താവ് വഹിക്കേണ്ട സാഹചര്യമായിരുന്നു. പുതിയ നിരക്കുകൾ പ്രാബല്യത്തിലായതോടെ ആവശ്യമായ കണക്ടഡ് ലോഡിനനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തുക മാത്രം ഒടുക്കിയാൽ മതിയാകും. നിശ്ചയിച്ചിട്ടുള്ള തുക ഒരു ഫീൽഡ് പരിശോധനയും കൂടാതെ അപേക്ഷാ ഫീസിനൊപ്പം ഉടൻതന്നെ ഒടുക്കാനും കഴിയും. നിലവിലെ വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്റർ ദൂരപരിധിക്കുള്ളിലും (35 മീറ്റർ വെതർ പ്രൂഫ് വയർ പുറമേ) 1000 കെവിഎ വരെ കണക്റ്റഡ് ലോഡും ഉള്ള ഉപഭോക്താക്കളാണ് ആദ്യപടിയായി പെർ കെവിഎ നിരക്കിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഉപഭോക്താവ് ആവശ്യപ്പെടുന്ന കണക്റ്റഡ് ലോഡിനെ മാത്രം അടിസ്ഥാനമാക്കിയാണ് നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം മുൻപുണ്ടായിരുന്നതുപോലെ 10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ഉപഭോക്താക്കൾക്ക് സ്ലാബ് റേറ്റിലാണ് വൈദ്യുതികണക്ഷനുള്ള തുക ഈടാക്കുന്നത് എന്നാൽ 2 കിലോവാട്ട് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് 2000 രൂപ എന്ന പുതിയ സ്ലാബ് ഉൾപ്പെടുത്തിയിട്ടുണ്ട് ഒരു കിലോവാട്ട് വരെയുള്ള മറ്റെല്ലാ ഉപഭോക്താക്കൾക്കും 2,500 രൂപ ആണ് നിരക്ക് 1-2 കിലോവാട്ട് വരെ 3,000 രൂപ, 2-5 കിലോവാട്ട് 5,000 രൂപ 5-7 കിലോവാട്ട് വരെ 8,000, 7-10 കിലോവാട്ട് വരെ 10,000 എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. കണക്റ്റഡ് ലോഡ് / കോൺട്രാക്റ്റ് ഡിമാൻഡ് 10 മുതൽ 30 KVA/KW വരെ 1,560/kVA/kW, 30 മുതല്‍ 40 kVA/KW വരെ 2,890/kVA/kW, 40 മുതല്‍ 50 kVA/kW വരെ 4,225 KVA/KW, 50 മുതൽ 100 kVA /KW വരെ 5,670/kVA/ എന്നീ നിരക്കുകളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ലൈൻ വലിച്ച് കണക്ഷൻ എടുക്കേണ്ടിവരുന്ന ദുർഘടമേഖലയിലുള്ളവർക്കാണ് പുതിയ നിരക്കുകൾ വലിയ ആശ്വാസമാകുന്നത് 4 പോസ്റ്റുകളുൾപ്പെടെ 200 മീറ്റർ ഓവർഹെഡ് ലൈൻ വലിച്ച് കണക്ഷൻ നൽകുന്നതിന് ഈടാക്കിയിരുന്ന 51,425 രൂപ എന്ന നിരക്ക് കുറവ് വരുത്തി 5000 രൂപയാക്കിയിട്ടുണ്ട്. ഓവർഹെഡ് ലൈനും പോസ്റ്റും വേണ്ട മറ്റ് സ്ലാബുകളിലും വലിയ തോതിലുള്ള കുറവാണ് വന്നിരിക്കുന്നത് ട്രാൻസ്ഫോമർ വേണ്ട കണക്ഷനുകൾക്കും മുൻ നിരക്കുകളോട് താരതമ്യം ചെയ്യുമ്പോൾ വലിയ കുറവുണ്ടാകും. വ്യവസായങ്ങൾക്കും വാണിജ്യ ഉപഭോക്താക്കൾക്കും ഇത് ഏറെ സഹായകമാണ്.
കണക്റ്റഡ് ലോഡിൽ മാറ്റമില്ലെങ്കിൽ സിംഗിൾ ഫേസിൽ നിന്നും ത്രീ ഫേസിലേക്കുള്ള മാറ്റത്തിന് കിലോവാട്ടിന് 700 രൂപ എന്ന നിരക്കിൽ പണമടച്ചാൽ മതിയാകും. ഇങ്ങനെ ഫേസ് മാറുമ്പോൾ ആകെ കണക്റ്റഡ് ലോഡ് 10 കിലോവാട്ടിന് മുകളിലുണ്ടെങ്കിൽ മാത്രം ലോഡ് വ്യത്യാസത്തിനുള്ള തുക അടച്ചാൽ മതി പണമടയ്ക്കുന്നതിന് മുഴുവൻ കണക്റ്റഡ് ലോഡും പരിഗണിക്കേണ്ടതില്ല. അധികമായുള്ള ലോഡ് അഥവാ കോൺട്രാക്റ്റ് ഡിമാൻഡ് കണക്കാക്കി പണമടച്ചാൽ മതി റിങ് മെയിൻ യൂണിറ്റ് ആവശ്യമില്ലാത്ത ഹൈ ടെൻഷൻ കണക്ഷന് 1800/ കെവിഎ എന്ന നിരക്കിൽ (പരമാവധി 5 ലക്ഷം രൂപ) പണമടച്ചാൽ മതി.
