ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് 2026-ൽ ഇന്ത്യയെ സ്വർണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം. ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു എങ്കിലും താരം ടീമിൽ തുടർന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വർഷങ്ങളുടെ ഓർമകളും വികാരങ്ങളും നിറഞ്ഞതാണ് തന്റെ ക്യാപ്റ്റൻസി കാലയളവെന്ന് ഹർമൻപ്രീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ടീമിനും ഇന്ത്യൻ വനിതാ ക്രിക്കട്ടിനുമായി താൻ തന്റെ സർവ്വവും നൽകിയിട്ടുണ്ടെന്നും, തന്റെ വിയർപ്പും സമയവും പലപ്പോഴും വ്യക്തിപരമായ നേട്ടങ്ങളും ടീമിനെ മുന്നിൽ നിർത്താൻ വേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളെയും വിമർശനങ്ങളെയും നേരിട്ടതിനൊപ്പം രാജ്യത്തെ വിജയത്തിലേക്ക് നയിക്കാനായതിന്റെ അഭിമാനവും അവർ പങ്കുവെച്ചു.

ടീം നിലവിൽ ശക്തമായ ഒരു അവസ്ഥയിലാണെന്നും, യുവതാരങ്ങൾക്ക് വളരാൻ അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കിയ ഹർമൻപ്രീത്, സമാധാനത്തോടെയാണ് താൻ ക്യാപ്റ്റൻസി പദവി ഒഴിഞ്ഞുനിൽക്കുന്നതെന്നും കൂട്ടിച്ചേർത്തു. ബിസിസിഐയ്ക്കും, സഹതാരങ്ങൾക്കും, പരിശീലകർക്കും, ഒപ്പം തനിക്ക് പിന്തുണ നൽകിയ എല്ലാ ആരാധകർക്കും അവർ നന്ദി അറിയിച്ചു. ക്യാപ്റ്റൻസി അവസാനിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റിനോടുള്ള തന്റെ സ്നേഹം എക്കാലത്തുമുണ്ടാകുമെന്നും, ‘കളിയോടുള്ള സ്നേഹത്തിനായി മാത്രം ഇനി കളിക്കുമെന്നും’ വ്യക്തമാക്കിക്കൊണ്ടാണ് ഹർമൻപ്രീത് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.