80കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകത്തിന്റെ ഏതോ കോണിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട 80കളിലെ വിന്റേജ് വൈറൽ ട്രെൻഡിൽ പിടിച്ചു നിൽക്കാൻ കൂടെക്കൂടിയവരാണ് നമ്മൾ മലയാളികളും. ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോള്‍ ബോളിവുഡ് സ്റ്റൈൽ മുതൽ ഇങ്ങ് കേരളാ സ്റ്റൈലിൽ വരെ 80 സ് യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും. ഗ്യാങ്സ്റ്റർ ഫോട്ടോകളും കപ്പിൾ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വർഷം സഞ്ചരിച്ച് പുറകോട്ടു പോയി. . സ്റ്റോറികളായും റീൽസായും പ്രൊഫൈൽ പിക്ച്ചറുകളുമായി ഇവയെല്ലാം ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഇനി അൽപം കാര്യത്തിലേക്ക് വരാം. ഈ ട്രെൻഡിനെ അൽപ്പമൊന്ന് സൂക്ഷിക്കണമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം.

ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന മുഖത്തിന്റെ ചിത്രങ്ങളിൽ നിന്ന് കമ്പനികൾ കൃത്യമായ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നു. ഈ വിവരങ്ങൾ ഭാവിയിൽ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടേക്കാം. നമ്മൾ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷൻ ഫോട്ടോകൾ വഴി നിർമിച്ചെടുക്കുന്ന എഐ ചിത്രങ്ങൾ തട്ടിപ്പുകാർക്ക് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനും ഡീപ്‌ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ വരെ ഉപയോഗിക്കാം. വ്യക്തിഗത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ചിത്രങ്ങൾ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളിൽ നമുക്ക് ഇന്നും വ്യക്തതയില്ല.

നമ്മുടെ വ്യക്തിഗത വിവരങ്ങൾ തേർഡ് പാർട്ടി ആപ്പുകൾക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്സ് കമ്പനികൾക്കോ പരസ്യ ഏജൻസികൾക്കോ വരെ നമ്മുടെ വിവരങ്ങൾ വിൽക്കപ്പെട്ടേക്കാമെന്നും സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.

മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സ്വകാര്യത എന്നും ഓർക്കണം. അപ്ലോഡ് ചെയ്യുന്ന ഒരു ഫോട്ടോയിൽ നമ്മുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കാണാമെങ്കിൽ പോലും അപകടം തിരിച്ചറിയണം. വ്യക്തിഗതമായി നമ്മളെ തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാ വിവരവും സ്വകാര്യതയിലേക്ക് നമ്മളുടെ ആക്സസ് കൊടുക്കുന്നതിന് തുല്യമാണെന്ന് ഓർക്കുക. ചിത്രങ്ങളിൽ മെറ്റാഡാറ്റ ഉൾപ്പെടെ ഓഫ് ചെയ്ത ശേഷമേ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ.

ഇതെല്ലാം മാറ്റി നിർത്തിയാലും പ്രശ്നങ്ങൾ തീരുന്നില്ല. എഐ എപ്പോഴും നിർമിക്കുക സോ കോൾഡ് പെർഫക്ട് ചിത്രങ്ങളായിരിക്കും.. പ്രോംപ്റ്റ് കൊടുത്ത് പുറത്തു വരുന്ന ചിത്രങ്ങൾ ഉപയോക്താക്കളിൽ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങൾ വളർത്താനുള്ള സാധ്യതയുമുണ്ട്. റിയൽ ലൈഫിലെ സ്വന്തം ചിത്രവുമായി എഐ രൂപത്തെ താരതമ്യം ചെയ്യുന്നത് ആളുകളിൽ ആത്മവിശ്വാസക്കുറവുണ്ടാക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

80-കളിലെ ഫാഷനും സംസ്കാരവും ഇപ്പോഴത്തെ തലമുറക്ക് പരിചയപ്പെടുത്തുന്ന ഒരു റിട്രോ ട്രെന്റായി മാത്രം ഇതിനെ കാണുന്നവരുണ്ട്. കാലങ്ങളിലേക്കൊരു തിരിച്ചു നടത്തമാണിത്. അൽപമൊന്ന് ശ്രദ്ധിച്ച് നടക്കാം…