പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാണ് റീഫിൽ ബുക്കിങ്ങിനുണ്ടായിരുന്ന ഇടവേള. എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാബ്ലോഗ് (സിലിണ്ടർ ബുക്ക് ചെയ്‌തിട്ടും വിതരണം ചെയ്യാൻ ബാക്കിയുള്ള റീഫിൽ അപേക്ഷകളുടെ എണ്ണം) ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ്.

പുതിയ തീരുമാനപ്രകാരം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. തിങ്കളാഴ്ച മുതൽ തന്നെ ഇളവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര പെട്രോളിയം-പ്രകൃതിവാകത മന്ത്രാലയം നൽകി. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

യുഎസ്സും ഇസ്രയേലും ഇറാനെ ആക്രമിച്ചതാണ് പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് കാരണമായത്. സംഘർഷം രൂക്ഷമാകുകയും ആഗോള ഊർജവിപണിയെ ബാധിക്കുകയും ചെയ്തതോടെ മാർച്ച് 12 മുതലാണ് ഇന്ത്യയിലെ ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ്ങിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾ കൂടുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്‌ത് സംഭരിക്കുന്നത് തടയാനും വിതരണത്തിൽ തുല്യത ഉറപ്പാക്കാനുമായിരുന്നു നിയന്ത്രണം. രാജ്യത്ത് എൽപിജി ക്ഷാമം ഇല്ലെന്നും സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.