പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ ഓഹരി വിൽപ്പനയിലൂടെ 55,757 കോടി രൂപയും സർക്കാർ ആസ്തികൾ പണമാക്കുന്നതിലൂടെ 6,367 കോടി രൂപയും ലഭിച്ചു. ഇതോടെ ഓഹരി, ആസ്തി വിൽപ്പനകളിലൂടെ ആകെ ലഭിച്ച തുക 62,124 കോടി രൂപയായി. 2026-27 സാമ്പത്തിക വർഷം കേന്ദ്ര ബഡ്ജറ്റിൽ നിശ്ചയിച്ച 80,000 കോടി രൂപയുടെ 78 ശതമാനമാണിത്. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൽ.ഐ.സി), കോൾ ഇന്ത്യ തുടങ്ങിയ ഒൻപത് പ്രധാന കമ്പനികളുടെ ഓഹരികളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്.
എൽ.ഐ.സിയുടെ 6.5 ശതമാനം ഓഹരി വിൽപ്പനയിലൂടെയാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. ഇതിലൂടെ 31,515 കോടി രൂപ ഖജനാവിലെത്തി. കോൾ ഇന്ത്യയുടെ രണ്ട് ശതമാനം ഓഹരികളുടെ വിൽപ്പനയിൽ നിന്നും 5,542 കോടി രൂപ നേടി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് കോർപ്പറേഷന്റെ (എൻ.എച്ച്.പി.സി) 6.01 ശതമാനം ഓഹരി വിൽപ്പനയിൽ നിന്ന് 4,357 കോടി രൂപയും ലഭിച്ചു. ഹിന്ദുസ്ഥാൻ കോപ്പറിന്റെ ആറ് ശതമാനം ഓഹരി വിറ്റ് 3,041 കോടി രൂപയാണ് സമാഹരിച്ചത്.
