അമിത മെർക്കുറിയുള്ള പാക് ബ്യൂട്ടിക്രീമുകളായ ഫൈസയും ഗോറിയും കേരളത്തിൽ; ഐ.ബി. അന്വേഷിക്കുന്നു

മുഖം വെളുപ്പിക്കാനായി ഉപയോഗിക്കുന്ന പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും വ്യാപകമായി വിൽപ്പനയ്ക്കെത്തുന്നതായി കണ്ടെത്തൽ. ‘ഫൈസ’ (Faiza), ‘ഗോറി’ (Goree) എന്നീ ക്രീമുകളിൽ അനുവദനീയമായ പരിധിയേക്കാൾ ഗുരുതരമായ അളവിൽ മെർക്കുറി കണ്ടെത്തി. ക്രീമുകളിൽ അനുവദനീയമായ മെർക്കുറിയുടെ അളവ് ഒരു ശതമാനം പി.പി.എം മാത്രമാണെന്നിരിക്കെ, പരിശോധനയിൽ 20,000 പി.പി.എം വരെ മെർക്കുറി കണ്ടെത്തിയതായാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വ്യക്തമാക്കുന്നത്.

വ്യാജ സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ വിൽപ്പന തടയുന്നതിനായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. പാകിസ്ഥാൻ നിർമിത ക്രീമുകൾ മതിയായ രേഖകളോ പർച്ചേസ് ബില്ലുകളോ ഇല്ലാതെയാണ് വിപണിയിലെത്തുന്നതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു.

മെർക്കുറിയുടെ അമിത സാന്നിധ്യമുള്ള ഇത്തരം ക്രീമുകളുടെ ഉപയോഗം ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നിയമലംഘനം നടത്തിയ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെയും ആരോഗ്യവകുപ്പ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സൗന്ദര്യയുടെ നാല് ഘട്ടങ്ങളിലായി സംസ്ഥാനത്ത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളാണ് പിടികൂടിയത്. കോസ്മെറ്റിക്സസ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും ആവശ്യമായ നിർമ്മാണ ലൈസൻസില്ലാതെ നിർമ്മിച്ചതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിലെത്തിച്ചതുമായ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

ഫേസ് ക്രീമുകൾക്ക് പുറമെ ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി.

നിയമാനുസൃത ലൈസൻസും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമേ വാങ്ങാവൂ എന്നാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ നിർദേശം. നിർമ്മാതാവിൻ്റെ പേരും പൂർണ വിലാസവും ആവശ്യമായ ലേബലിംഗ് വിവരങ്ങളും ഉൽപ്പന്നത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉപഭോക്താക്കൾ ഉറപ്പാക്കണം.

സംശയാസ്പദമായ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ ടോൾ ഫ്രീ ഹെൽപ്‌പ്ലൈൻ 1800-425-3182 എന്ന നമ്പറിൽ പരാതിപ്പെടാം