‘കേരളം’ ബിൽ ലോക്സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്ന ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. പ്രതിപക്ഷത്തുനിന്ന് കെ.സി.വേണുഗോപാൽ അടക്കമുള്ള അംഗങ്ങൾ ബില്ലിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താത്തതിൽ തനിക്ക് ദുഃഖമുണ്ടെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതാണ് ബിൽ. ഇരുസഭകളും ബിൽ പാസാക്കിയശേഷം വീണ്ടും രാഷ്ട്രപതിയുടെ അന്തിമാനുമതിക്കായി അയയ്ക്കും. ഇതിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.