രാവിലെ എണീറ്റയുടന്‍ സോഷ്യല്‍മീഡിയകള്‍ നോക്കിയിരിപ്പാണോ; ഈ അപകടങ്ങള്‍ അറിയാതെ പോകരുത്

രാവിലെ ഉണര്‍ന്നെണീറ്റുള്ള മൂന്ന് മണിക്കൂറുകള്‍ നമ്മുടെ ആ ദിവസം മുഴുവനുമുള്ള ഊര്‍ജത്തേയും മൂഡിനേയും ഒക്കെ നിര്‍ണയിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള സമയമാണ്. നമ്മില്‍ പലരും ഉണര്‍ന്നെണീറ്റാല്‍ ആദ്യം ഫോണ്‍ തിരയുകയും പിന്നീട് നെറ്റ് ഓണ്‍ ചെയ്ത് കുറച്ചുനേരം സ്‌ക്രോള്‍ ചെയ്ത് ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ തലച്ചോറിലേക്ക് കൊടുക്കുന്ന ഒരു ജങ് ഫുഡിന് സമാനമാണ് ഈ ശീലം. അതായത് ജങ്ക് ഫുഡ്‌സ് നമ്മുടെ ആരോഗ്യത്തിന് എത്ര അപകടകരമാണോ അതിനോട് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്ര അപകടമാണ് രാവിലെയുള്ള ഈ ‘ഫോണ്‍ നോക്കല്‍’ ഉണ്ടാക്കുന്നത്. ഈ ശീലം എന്തുകൊണ്ട് അവസാനിപ്പിക്കണമെന്ന് വിശദമായി പരിശോധിക്കാം

കോര്‍ട്ടിസോള്‍

അതിരാവിലെ ഒരു നല്ല തുടക്കം പ്രതീക്ഷിച്ചിരിക്കുന്ന നമ്മുടെ മുന്നിലേക്ക് ധാരാളം ഡിജിറ്റല്‍ നോയ്‌സുകളും അനാവശ്യ താരതമ്യങ്ങളും മോശം വാര്‍ത്തകളും വന്ന് നിറയുന്നത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉയരാന്‍ കാരണമാകുന്നു.

ഏകാഗ്രത

ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്നതിലൂടെയുണ്ടാകുന്ന ഈ ഹൈ വേവ് ആക്ടിവിറ്റികള്‍ രാവിലെ നേരത്ത് സ്വാഭാവികമായി ഉണ്ടാകുന്ന പ്രശാന്തത നശിപ്പിക്കുകയും ഇത് നിങ്ങളുടെ ഏകാഗ്രതയെ ഇഞ്ചിഞ്ചായി നശിപ്പിക്കുകയും ചെയ്യുന്നു.

പിന്നെയാകട്ടെ

രാവിലെ എണീറ്റയുടന്‍ നിങ്ങളുടെ അന്നത്തെ ജീവിതം നിങ്ങള്‍ ജീവിച്ച് തുടങ്ങുകയാണ്. അരമണിക്കൂറോ ഒരു മണിക്കൂറോ രാവിലെ ഫോണില്‍ ചെലവഴിച്ച് നിങ്ങളുടെ രാവിലത്തെ ഊര്‍ജം തീരുന്നത് നിങ്ങളുടെ അന്നത്തെ ‘ജീവിതത്തെ’ വൈകിപ്പിച്ചേക്കാം. ദൈനംദിന കാര്യങ്ങള്‍ പിന്നീടാകട്ടെ എന്ന് പറഞ്ഞ് നീട്ടിവയ്ക്കാന്‍ നിങ്ങള്‍ക്ക് തോന്നുകയും ഇത് നിങ്ങളുടെ കാര്യക്ഷമതയേയും പ്രൊഡക്ടിവിറ്റിയേയും സാരമായി ബാധിക്കുകയും ചെയ്യും.

ഓര്‍മ

കൊച്ചുകുട്ടികള്‍ക്ക് ഉള്‍പ്പെടെ എണീറ്റയുടന്‍ ഫോണ്‍ നല്‍കിയാല്‍ അത് അവരുടെ ഓര്‍മിക്കാനുള്ള ശേഷിയെ ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഓര്‍മശക്തിയ്ക്ക് ഭീഷണിയാണ്.

ബീറ്റാ തരംഗങ്ങള്‍

വളരെ സാവകാശത്തിലുള്ളതും ഉറക്കം പോലുള്ള അവസ്ഥകളിലുമുണ്ടാകുന്നവയാണ് ഡെല്‍റ്റ ബ്രെയിന്‍ വേവ്‌സ്. രാവിലെ സമയത്ത് ഊര്‍ജവും ഉണര്‍വും പ്രശാന്തയും നല്‍കുന്നവയാണ് ആല്‍ഫാ ബ്രെയിന്‍ വേവ്‌സ്. ജാഗരൂകരായിരിക്കണമെന്നും ഉണര്‍ന്നിരിക്കണമെന്നും തോന്നുമ്പോള്‍ ഉണ്ടാകുന്നവയാണ് ബീറ്റ ബ്രെയിന്‍ വേവ്‌സ്. രാവിലെ തന്നെ ഫോണ്‍ നോക്കിയിരിക്കുമ്പോള്‍ ബീറ്റ വേവ്‌സ് ഉണ്ടാകുന്നത് നിങ്ങളെ ആ ദിവസം മുഴുവന്‍ ഒരു സ്‌ട്രെസുള്ള അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

പകരം എന്ത് ചെയ്യാം?

രാവിലെ എണീറ്റയുടനുള്ള സമയം വ്യായാമത്തിനും ധ്യാനത്തിനും അത്യുത്തമമാണ്. ഇവ ചെയ്യുന്നില്ലെങ്കില്‍ ഈ സമയം വായിക്കാനോ ഡയറി എഴുതാനോ പ്രാര്‍ഥിക്കുന്നവരാണെങ്കില്‍ പ്രാര്‍ഥനകള്‍ക്കോ നടക്കാന്‍ പോകാനോ ഒക്കെ ഉപയോഗിക്കാം.