ട്രെയിനിലെ എസി കോച്ച് യാത്രക്കാർ 4 വർഷത്തിനിടെ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

ഇന്ത്യന്‍ റെയില്‍വേയുടെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടവലുകളും കിടക്കവിരികളും നല്‍കാറുണ്ട്. ഇങ്ങനെ നല്‍കുന്നവ യാത്രക്കാര്‍ വ്യാപകമായി മോഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ എസി കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ മോഷ്ടിച്ചത് 1.27 കോടിയിലധികം ബെഡ്റോള്‍ സാധനങ്ങളാണെന്നുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ 18 റെയില്‍വേ സോണുകളിലെ 16 എണ്ണത്തിന് കീഴിലുമുള്ള 54 റെയില്‍വേ ഡിവിഷനുകളില്‍ നിന്നാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ശേഖരിച്ചത്.

കോവിഡ് മഹാമാരിക്ക് ശേഷം 2022 ജനുവരിയിലാണ് റെയില്‍വേ ബെഡ്റോള്‍ സേവനം പൂര്‍ണ്ണമായും പുനരാരംഭിച്ചത്. ഇതിനുശേഷം 2022-നും 2025-നും ഇടയില്‍ ബെഡ്റോള്‍ മോഷണത്തില്‍ 56 ശതമാനത്തിന്റെ വന്‍ വര്‍ധനവാണുണ്ടായത്. ശരാശരി 1,000 യാത്രക്കാര്‍ ട്രെയിനില്‍ കയറുമ്പോള്‍ അതില്‍ ഒരാള്‍ വീതം എന്തെങ്കിലുമൊക്കെ മോഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോഷ്ടാക്കള്‍ക്ക് ഏറ്റവും പ്രിയം ടവലുകളോടാണെന്ന് കണക്കുകൾ പറയുന്നു.

എസി കോച്ചുകളിലെ യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന ബെഡ്റോള്‍ കിറ്റില്‍ രണ്ട് കിടക്കവിരികള്‍ , ഒരു പുതപ്പ് , ഒരു തലയിണ, ഒരു തലയിണ കവര്‍, മുഖം തുടയ്ക്കാനുള്ള ഒരു ചെറിയ ടവല്‍ എന്നിവയാണുള്ളത്. നാല് വര്‍ഷത്തിനിടെ 46.54 ലക്ഷം ഫെയ്‌സ് ടവലുകളാണ് കാണാതായത്. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതും ഇത് തന്നെ. 41.13 ലക്ഷം കിടക്കവിരികളും ട്രെയിനില്‍ നിന്ന് അപ്രത്യക്ഷമായി. 23.59 ലക്ഷം രൂപയുടെ തലയിണക്കവറുകൾ, 12.95 ലക്ഷം പുതപ്പുകളും യാത്രക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോയി. വലിപ്പം കൂടുതലായതുകൊണ്ടാകാം തലയിണകള്‍ മോഷ്ടിക്കപ്പെട്ടത് താരതമ്യേന കുറവാണ് – 2.76 ലക്ഷം എണ്ണം മാത്രമാണ് നഷ്ടപ്പെട്ടത്.

നഷ്ടം സഹിക്കുന്നത് ആര്?

വിവിധ പ്രദേശങ്ങളിലെ മോഷണ നിരക്കില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ കാണാതായത് രാജസ്ഥാനിലെ ബിക്കാനീര്‍ ഡിവിഷനില്‍ നിന്നാണ് – 25.76 ലക്ഷം! റാഞ്ചി (9.31 ലക്ഷം), ഡല്‍ഹി (8.21 ലക്ഷം), മുംബൈ (8.17 ലക്ഷം), ജോധ്പൂര്‍ (8.09 ലക്ഷം), അഹമ്മദാബാദ് (6.94 ലക്ഷം) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള ഡിവിഷനുകള്‍. യാത്രക്കാര്‍ കൊണ്ടുപോകുന്ന ഈ സാധനങ്ങളുടെ സാമ്പത്തിക ബാധ്യത റെയില്‍വേയ്ക്കല്ല, മറിച്ച് വിതരണക്കാര്‍ക്കാണ് എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. എസി കോച്ചുകളില്‍ ബെഡ്റോളുകള്‍ വിതരണം ചെയ്യുന്നതും തിരികെ ശേഖരിക്കുന്നതും കരാര്‍ അടിസ്ഥാനത്തിലുള്ള ഏജന്‍സികളാണ്.

സാധനങ്ങള്‍ കാണാതാകുമ്പോള്‍ പകരം പുതിയവ വെക്കേണ്ട ബാധ്യത പൂര്‍ണ്ണമായും ഈ കരാറുകാരുടെ തലയിലാണെന്ന് റെയില്‍വേ വക്താവ് വ്യക്തമാക്കി. 104.51 കോടി രൂപയാണ് നാല് വര്‍ഷം കൊണ്ട് കരാറുകാര്‍ക്ക് നഷ്ടമായത്. വര്‍ധിച്ചുവരുന്ന ഈ മോഷണങ്ങള്‍ അതീവ ഗൗരവമുള്ള വിഷയമാണെന്നും, ഇത് തടയാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ശക്തമായ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.