ഓട്ടോ പേയ്മെന്റില്‍ കാശ് പോയോ?!

എല്ലാവരുടെ കയ്യിലും ഇപ്പോൾ സ്മാർട്ട് ഫോണുണ്ട്. പല തരത്തിലുള്ള പേയ്മെന്റുകൾ നമ്മള്‍ നടത്തുന്നത് ഫോൺ വഴി തന്നെ. എന്നാൽ ആപ്പുകളിൽ തിരഞ്ഞെടുക്കുന്ന ഓട്ടോ പെയ്മെൻ്റ് ഓപ്ഷൻ ആവശ്യം കഴിഞ്ഞാലും ചിലരെങ്കിലും ഡിസേബിൾ ചെയ്യാറില്ല.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ലഭിക്കുന്ന താത്കാലിക സൗജന്യ ഓഫർ പ്രകാരമോ അല്ലെങ്കിൽ ഒരു മാസത്തേക്കു മാത്രമായുള്ള സബ്സ്ക്രിപ്ഷനോ പേയ്മെന്റോ വേണ്ടി വരുന്ന പല ആപ്ലിക്കേഷനുകളും നമ്മൾ ഫോണിൽ ആക്ടിവേറ്റ് ചെയ്യാറുണ്ട്. പിന്നീട് ആവശ്യമില്ല എന്നു തോന്നിയിട്ടുണ്ടെങ്കിലും മാസാമാസം സബ്സ്ക്രിപ്ഷൻ പുതുക്കൽ തുക അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി പൊയ്ക്കൊണ്ടിരിക്കും. ആപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്‌താൽ പോലും പേയ്മെന്റ് ഓപ്ഷൻ ആക്ടീവ് ആയിരിക്കും. ഈ സാഹചര്യത്തിൽ എങ്ങനെ ഓട്ടോ പേയ്മെന്റും സബ്സ്ക്രിപ്ഷൻ പുതുക്കലും ഒഴിവാക്കാം എന്നു നോക്കാം.

ഫോൺപേ ആപ്ലിക്കേഷനിലെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഓട്ടോപേ (Auto Pay) എന്നു കാണാം. അതു സെലക്റ്റ് ചെയ്ത് ഓപ്പണാക്കിയാൽ ഏതൊക്കെ സർവീസുകൾക്കാണ് ഓട്ടോപേ സെറ്റ് ആയിരിക്കുന്നത് എന്നറിയാം. ചില ഐക്കണുകൾക്കു നേരെ പോസ് (Pause) എന്നും കാണാം. പോസ് എന്നതു സെലക്ട് ചെയ്താൽ നമുക്ക് ഇഷ്ടമുള്ള തീയതി വരെ പേയ്മെന്റ് പോകാത്ത തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്താനാകും.

പേയ്മെന്റ് ഇനി ഒരിക്കലും ചെയ്യേണ്ടതില്ല എന്നാണെങ്കിൽ കുറച്ചു താഴെയായി കാണുന്ന ഡിലീറ്റ് ഓട്ടോപേ (Delete Auto Pay) എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം. കൺഫേം (Confirm) കൂടി ക്ലിക് ചെയ്ത് കഴിഞ്ഞാൽ പിന്നീട് ആ ആപ്ലിക്കേഷനു വേണ്ടി നിങ്ങളുടെ അക്കൗണ്ടിൽ നിന്നു പേയ്മെന്റ് പോകില്ല. ഗൂഗിൾ പേയിലും ഇതേ ഓപ്ഷൻ ലഭ്യമാണ്. ഭീം യുപിഐ ആപ്പിലെ മാൻഡേറ്റ് (Mandate) ഓപ്ഷൻ വഴിയാണ് ഓട്ടോ പേയ്മെന്റ് നിർത്താനാകുക. പേയ്മെൻ്റ് ഓപ്ഷൻ കാൻസൽ ചെയ്യാൻ റിവോക്ക് (Revoke) എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. താത്കാലികമായി നിശ്ചിത ദിവസം വരെ പോസ് ചെയ്യാനും ഇതിൽ ഓപ്ഷനുണ്ട്.