പലപ്പോഴും വയോധികരിൽ കാണുന്ന പല മാനസിക പ്രയാസങ്ങളും നാം അവഗണിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ പല പ്രശ്‌നങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ ബുദ്ധിമുട്ടുകളെ കുറിച്ച് അവരും മനസിലാക്കണമെന്നില്ല. തുറന്ന സംസാരവും എപ്പോഴും ആവശ്യമാണ്. പറയാനും കേൾക്കാനും ആരെങ്കിലും വേണം. അല്ലാത്ത പക്ഷം ഒറ്റപ്പെടൽ സാരമായി നമ്മെ ബാധിക്കും. ഏകാന്തതയിൽ ആണ്ടുപോകും.
- പ്രിയപ്പെട്ടവരിൽ നിന്നുള്ള അവഗണന
വയോജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ശൂന്യതയാണ് ചുറ്റും. അവശതയുടെ കാലത്തും തങ്ങളുടെ വിശേഷങ്ങൾ ആവേശത്തോടെ പറയാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ. അത് അവരെ മാനസികമായി വല്ലാതെ തളർത്തും.
- സ്മരണകളിലെ ആശ്വാസം
പ്രായമായവർ എപ്പോഴും അവരുടെ പഴയ കാലത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. വെറുമൊരു സംസാരമല്ല, മറിച്ച് സ്മരണകളുടെ സൗന്ദര്യമാണത്. വ്യക്തിത്വം അടയാളപ്പെടുത്താനുള്ള ശ്രമം. ഓർമ്മകൾ പങ്കുവെക്കുമ്പോൾ വീണ്ടും ചെറുപ്പമായതുപോലെ തോന്നും.
- ഒറ്റപ്പെടൽ
പൊതുസ്ഥലത്തോ വീട്ടിലോ ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുമ്പോൾ തങ്ങൾ സമൂഹത്തിന് ആവശ്യമില്ലാത്തവരാണെന്ന തോന്നൽ വയോജനങ്ങളിൽ ഉണ്ടാകുന്നു.
- ഏകാന്തതയുടെ ഭയം
മക്കളും കൊച്ചുമക്കളും കൂടെയുണ്ടെങ്കിലും പലപ്പോഴും വയോജനങ്ങൾ ഡിജിറ്റൽ ലോകത്തിന് പുറത്താണ്. എല്ലാവരും ഫോണിലും ലാപ്ടോപ്പിലും മുഴുകുമ്പോൾ, അവർ ഒറ്റപ്പെടുന്നു. ആരോടെങ്കിലും ഒന്ന് മിണ്ടാൻ, തങ്ങളുടെ അറിവുകൾ പകർന്നു നൽകാൻ അവർ വെമ്പുന്നു.
ചേർത്തു പിടിക്കാം, കൂടെ നിൽക്കാം വയോജനങ്ങളെ ചേർത്തുപിടിക്കാനും അവർക്ക് സന്തോഷം നൽകാനും നമുക്ക് സാധിക്കും. അതിനെന്തു വേണം:
- ശ്രദ്ധയോടെ കേൾക്കുക
അവർ പറയുന്ന കാര്യങ്ങൾ അത് എത്ര തവണ കേട്ടതാണെങ്കിലും താല്പര്യത്തോടെ കേൾക്കാൻ ശ്രമിക്കുക. ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നൽ അവരിലുണ്ടാക്കും. ഫോൺ മാറ്റിവെച്ച് അവരോട് സംസാരിക്കാൻ ദിവസവും കുറച്ചു സമയം നീക്കിവെക്കുക.
- ഡിജിറ്റൽ ലോകത്തെ പരിചയപ്പെടുത്തുക
അവർക്ക് പ്രിയപ്പെട്ടവരെ വിളിക്കാനോ പഴയ പാട്ടുകൾ കേൾക്കാനോ ഒക്കെയായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പഠിപ്പിക്കുക. ഇത് ഏകാന്തത കുറയ്ക്കും.
- തീരുമാനങ്ങളിൽ പങ്കാളികളാക്കുക
വീട്ടിലെ ചെറിയ കാര്യങ്ങളിലും വലിയ തീരുമാനങ്ങളിലും അഭിപ്രായം ചോദിക്കുക. ഇത് തങ്ങൾ ഇപ്പോഴും കുടുംബത്തിന്റെ ഭാഗമാണെന്നും തങ്ങളുടെ അറിവിന് വിലയുണ്ടെന്നും അവർക്ക് തോന്നിപ്പിക്കും.
- നടത്തവും പുറത്തുപോക്കും
ഒരുമിച്ച് ചെറിയ നടത്തത്തിന് പോകുകയോ പാർക്കിലോ ബന്ധുവീടുകളിലോ കൊണ്ടുപോകുകയോ ചെയ്യുക. നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
- സ്പർശം
കൈകൾ പിടിക്കുന്നതോ ചേർത്തുപിടിക്കുന്നതോ വലിയ സുരക്ഷിതബോധം നൽകും. പ്രായമാകുമ്പോൾ പലരും അനുഭവിക്കുന്ന ഒന്നാണ് സ്പർശനദാഹം. ഒരു ചെറിയ തലോടൽ പോലും ചിലപ്പോൾ വലിയ ആശ്വാസമാണ്.
- പ്രോത്സാഹനം
ഹോബികൾ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക. വായന, പൂന്തോട്ട നിർമാണം, ഗാനാലാപനം, ഗെയിംസ് എന്നിവയിൽ അവരെയും പ്രോത്സാഹിപ്പിക്കുക. കുട്ടികളെ അവരുടെ കൂടെ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുക; മുത്തശ്ശിക്കഥകൾ കുട്ടികൾക്കും അറിവ് നൽകും. അനുഭവങ്ങളും.
- ആരോഗ്യത്തിൽ ശ്രദ്ധ
ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. മരുന്നുകൾ കൃത്യസമയത്ത് നൽകുന്നതിനൊപ്പം ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ പോലും ഗൗരവമായി കാണുക. കേൾക്കുക.’ഇതൊക്കെ പ്രായത്തിന്റെ അസുഖങ്ങളല്ലേ’ എന്നുപറഞ്ഞ് തള്ളിക്കളയാതിരിക്കുക. ഡോക്ടറുടെ ഉപദേശം തേടുക.
