പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും നാളെ (ജൂലൈ 8) സർവീസ് നിർത്തിവയ്ക്കും. സ്ത്രീ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്.
കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ മൂലം സ്വകാര്യ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രിയദർശിനി യാത്രയെ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. അതേസമയം സ്വകാര്യ ബസ് വ്യവസായത്തെ കൂടി നിലനിർത്താൻ സർക്കാർ സഹായം നൽകണം.
21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടായത്. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വില വർധന, ഇൻഷുറൻസ് എന്നിവയ്ക്ക് വലിയ തുക മാറ്റിവയ്ക്കണം. പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്ടം ഉണ്ടാകുന്നു എന്നും ഭാരവാഹികള്‍ പറഞ്ഞു.
