മഴക്കാലത്തെ ചെറുതും എന്നാല്‍ അസ്വസ്ഥപ്പെടുത്തുന്നതുമായ അസൗകര്യമാണ് തുണി അലക്കി ഉണക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. വെയിലില്ലാതെ തുണി എങ്ങനെ വിരിച്ചിടും എന്നത് ഒരു പ്രശ്നം, വീട്ടിലാകെ തുണി വിരിച്ചിട്ടാല് ഒന്ന് സ്വതന്ത്രമായി നിന്നുതിരിയാന്‍ പോലും മുറികളില്‍ സ്ഥലം കാണില്ലെന്നത് അടുത്ത പ്രശ്നം, നനഞ്ഞ തുണികളില്‍ നിന്ന് വരുന്ന മുഷിഞ്ഞ ഗന്ധം ഇതിനേക്കാള്‍ ഒക്കെ വലിയ പ്രശ്നം. ഈ പ്രശ്നങ്ങളൊക്കെ എങ്ങനെയെങ്കിലും പോട്ടേയെന്ന് വയ്ക്കാമെന്ന് കരുതിയാല്‍ ശുചിത്വവും ഫംഗസ് ബാധയേയും കരിമ്പനെക്കുറിച്ചുള്ള പേടിയും അതിനപ്പുറം. ഈ പ്രശ്നങ്ങള്‍ പരമാവധി കുറയ്ക്കാനും ശുചിത്വ പ്രശ്നങ്ങള്‍ ഒഴിവാക്കാനും താഴെപ്പറയുന്ന കാര്യങ്ങള്‍ മറക്കരുത്.
വെയിലുവരുന്നത് വരെ കാത്തുനിക്കരുത്
വെയില് വന്നിട്ട് വിരിക്കാമെന്ന് വിചാരിച്ച് ഒരിക്കലും നിങ്ങളുടെ നനഞ്ഞ തുണികള്‍ വാഷിങ് മെഷിനില്‍ ഇട്ട് വയ്ക്കരുത്. അലക്കിയാല്‍ ഉടന്‍ അവ മെഷിനില്‍ നിന്ന് എടുത്ത് മാറ്റി വിരിക്കണം. ഇല്ലെങ്കില്‍ ബാക്ടീരിയകളുടെ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയേറെയാണ്.
വീടിനുള്ളില്‍ ഏത് മുറിയില്‍ തുണി വിരിക്കണം?
നല്ല വെന്റിലേഷനുള്ള സ്ഥലത്ത് മാത്രമേ തുണി വിരിച്ചിടാവൂ. കഴിയുമെങ്കില്‍ ബാല്‍ക്കണിയിലോ ജനാലകള്‍ക്ക് സമീപമോ വിരിച്ചിടാം. നല്ല വായുസഞ്ചാരമില്ലാത്ത മുറികളില്‍ ഒരു കാരണവശാലും നനഞ്ഞ തുണി വിരിച്ചിടരുത്.
അടുത്തടുത്ത് വേണ്ട
നനഞ്ഞ തുണികള്‍ തീരെ അടുത്തടുത്ത് വിരിച്ചിടരുത്. തുണികള്‍ക്കിടയിലൂടെ വായു കടന്നുപോകാനും മറ്റും ആവശ്യത്തിന് സ്ഥലം നല്‍കണം. കുറച്ച് കുറച്ചായി മാത്രം അലക്കുക. ഒരു ചെറിയ വിഭാഗം തുണി ഉണങ്ങിയിട്ട് മാത്രം മതി അടുത്തത്.
ഡീഹ്യുമിഡിഫൈയര്
സാധിക്കുമെങ്കില്‍ തുണി വിരിച്ചിടത്ത് ഒരു ഡീഹ്യുമിഡിഫയറോ അല്ലെങ്കില്‍ എസി ഉള്ളവരാണെങ്കില്‍ ഡ്രൈ മോഡില്‍ എസിയോ ഉപയോഗിക്കാം.
വാഷിങ് മെഷീനും വാഷ് ചെയ്യണം
വാഷിങ് മെഷീന് കൃത്യമായ ഇടവേളകളില്‍ പ്രത്യേകിച്ച മഴക്കാലത്ത് കഴുകേണ്ടത് അത്യാവശ്യമാണ്. ഡ്രമ്മും ഡിറ്റര്‍ജന്റ് ഡ്രോയറും റബ്ബര്‍ ഗാസ്കെറ്റും രണ്ടോ മൂന്നോ ആഴ്ചകളില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കുന്നതാണ് നല്ലത്.
പെര്‍ഫ്യൂം വിചാരിച്ച ഫലം നല്‍കില്ല
നനഞ്ഞ തുണിയ്ക്ക് മുഷിഞ്ഞ മണം വന്നാലും പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചുകൊണ്ടോ ഫാബ്രിക് ഫ്രെഷ്ണര്‍ ഉപയോഗിച്ചുകൊണ്ടോ മറികടക്കാമെന്നാണ് പലരും കരുതുന്നത്. വളരെ താത്കാലികമായി അല്പ നേരം ഇത് സുഗന്ധം പരത്തിയാലും ദുര്‍ഗന്ധത്തിന് കാരണമായ സൂക്ഷ്മജീവികളും തുണിയില്‍ അവശേഷിച്ച ഈര്‍പ്പവും പോകുന്നതുവരെ എന്തായാലും മുഷിഞ്ഞ മണം അവശേഷിക്കും. നന്നായി ഉണങ്ങിയ ശേഷം മാത്രം വസ്ത്രങ്ങള്‍ ധരിക്കുന്നതും ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം അലമാരിയിലേക്ക് എടുത്ത് വയ്ക്കുന്നതും മാത്രമാണ് പരിഹാരം.
