രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്.
എണ്ണവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എണ്ണവിലയിലുണ്ടായ ഈ കുറവ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ധനച്ചെലവ് നേരിട്ട് ബാധിക്കുന്ന വ്യോമയാനം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍, പെയിന്റ്, കെമിക്കല്‍ എന്നീ മേഖലകള്‍ക്കും ഉപഭോക്തൃ ബിസിനസുകള്‍ക്കും വിലക്കുറവ് വലിയ ഗുണം ചെയ്യും.
ലോകത്തെ എണ്ണ വിപണിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക് ഈ വര്‍ഷമാദ്യം ഇറാന്റെ ആക്രമണങ്ങള്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും, വില കുത്തനെ ഉയരാനും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിന് മുന്‍പ്, ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോയിരുന്നത് ഈ വഴിയിലൂടെയാണ്.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് കൊണ്ട് മാത്രം എണ്ണ നീക്കം സുഗമമാകണമെന്നില്ല. കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ കടന്നുപോകുകയും, നിറഞ്ഞു കിടക്കുന്ന ഒപെക് ശേഖരം വിപണിയിലേക്ക് എത്തുകയും ചെയ്യും. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ തുറമുഖങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും റിഫൈനറികള്‍ക്കും ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ ഏകദേശം 2-3 മാസമെടുക്കും. യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എണ്ണ ഉല്‍പ്പാദനം തിരിച്ചെത്താന്‍ വീണ്ടും രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുത്തേക്കാം. ഇപ്പോള്‍ ഒരു കരാര്‍ യാഥാര്‍ഥ്യമാകുന്നതിനാല്‍, രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരം വീണ്ടും നിറയ്ക്കാന്‍ തുടങ്ങും. ഇത്തരത്തില്‍ സര്‍ക്കാരുകള്‍ എണ്ണ വാങ്ങിക്കൂട്ടാന്‍ തുടങ്ങുന്നത് എണ്ണവില പെട്ടെന്ന് വീണ്ടും കുറയാതിരിക്കുന്നതിലേക്ക് നയിക്കും. കരാര്‍ ഔദ്യോഗികമായി ഒപ്പുവെക്കുകയും കപ്പല്‍ ഗതാഗതം സാധാരണ നിലയിലാകുകയും ചെയ്യുന്നത് വരെ വിപണി ജാഗ്രതയോടെ തന്നെയാകും മുന്നോട്ട് പോവുകയെന്ന് വിദഗ്ധര്‍ പറയുന്നു.
