സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട്. സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം, കരമനയാറ്റിലും (വെള്ളൈകടവ് സ്റ്റേഷൻ) മണിമലയാറ്റിലും (കല്ലൂപ്പാറ സ്റ്റേഷൻ) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് ആണ്. ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ ആണ് മുന്നറിയിപ്പ് നൽകിയത്. ഈ നദികളിൽ ഇറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
