സംസ്ഥാനത്ത് വർഷങ്ങളായി ഫയലുകളിൽ കുരുങ്ങിക്കിടക്കുന്ന അഴിമതിക്കേസുകൾ പരിശോധിക്കാൻ വിജിലൻസ് വകുപ്പ്. പുതുതായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ സീറോ’ പദ്ധതിയുടെ തുടർച്ചയായി, കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും അടിയന്തരമായി പുനഃപരിശോധിക്കാൻ വിജിലൻസ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ വിജിലൻസ് ആസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് വകുപ്പ് മേധാവികൾ കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഈ പുതിയ ബൃഹത് പദ്ധതി പ്രകാരം, നിലവിൽ കോടതികളിലും വിജിലൻസ് ഓഫീസുകളിലും തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ തൽസ്ഥിതി കൃത്യമായി തരംതിരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ഓരോ കേസും എത്ര വർഷമായി ഫയലിൽ തുടരുന്നുണ്ടെന്നും, ഏതൊക്കെ കേസുകളാണ് കോടതികളിൽ വിചാരണ പൂർത്തിയാകാതെ നീണ്ടുപോകുന്നത് എന്നുമുള്ള കൃത്യമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ജില്ലാതലത്തിൽ നിന്ന് നൽകേണ്ടത്.
വീഴ്ചകൾ പരിഹരിക്കാനും നീതിന്യായ പ്രക്രിയകൾ വേഗത്തിലാക്കാനുമാണ് പുതിയ നീക്കം. കെട്ടിക്കിടക്കുന്ന ഫയലുകളെല്ലാം വേഗത്തിൽ പുനപ്പരിശോധിച്ചുകൊണ്ട് വിജിലൻസ് വകുപ്പിനെ നവീകരിക്കാനും, അഴിമതിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വിജിലൻസ് വകുപ്പ് പറഞ്ഞു.
