പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. തീരുമാനം ഉടനടി നടപ്പിൽ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ബാധ്യതകൾ എല്ലാം കൊടുത്ത് തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ പക്കലുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കിൽ ഡെപോസിറ്റ് ചെയ്തവരുടെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനമെന്നാണ് പേടിഎം പേമെൻ്റ്സ് ബാങ്കിനെ കുറിച്ചുള്ള ആർബിഐ റിപ്പോർട്ട്. അനുവദിച്ച ബാങ്കിങ് ലൈസൻസിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് ഈ നടപടി. ഇന്നലെ മുതല്‍ ലൈസൻസ് റദ്ദാക്കൽ പ്രാബല്യത്തിൽ വന്നു. ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 5(b) പ്രകാരമുള്ള ‘ബാങ്കിങ്’ ബിസിനസ്സോ, സെക്ഷൻ 6-ൽ പറയുന്ന മറ്റ് അനുബന്ധ സേവനങ്ങളോ നൽകാൻ ഇനി ഇവർക്ക് സാധിക്കില്ല.
കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും. നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. എന്നാൽ, പേടിഎം ആപ്പ് വഴിയുള്ള യു.പി.ഐ. ഇടപാടുകളെ ലൈസൻസ് റദ്ദാക്കിയത് ബാധിക്കില്ല.
