ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഫീച്ചർ

യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. അടുത്തിടെ ഗൂഗിൾ പേയിൽ പോക്കറ്റ് മണി എന്നൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഐഡി ഇല്ലാത്തവർക്കും യുപിഐ പണമിടപാടുകൾ നടത്തുന്നതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം പേമെന്റ്റ് ആപ്പിൽ ‘യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ’ എന്ന സംവിധാനം അവതരിപ്പിച്ചിരുന്നു. ഈ സംവിധാനം അടിസ്ഥാനമാക്കി ഗൂഗിൾ പേ അവതരിപ്പിച്ച ഫീച്ചറാണ് പോക്കറ്റ് മണി.

ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് ഇടപാട് നടത്താനാവുന്ന ഫീച്ചർ ആണിത്. പ്രധാനമായും കുട്ടികൾക്ക് അവരുടെ പഠന ചെലവുകൾക്ക് ആവശ്യമായ പണം നൽകാനും ഇടപാടുകൾ നടത്താനും ഇതുവഴി സാധിക്കും.

ബന്ധുക്കൾക്കും വിശ്വസ്ഥർക്കും ജീവനക്കാർക്കുമെല്ലാം ഈ രീതിയിൽ ഇടപാട് നടത്താനുള്ള അനുമതി നിങ്ങൾക്ക് നൽകാം. നിങ്ങളോട് ഓരോ തവണയും പണം ചോദിക്കേണ്ടി വരുന്നത് ഒഴിവാക്കാം.

രണ്ട് രീതിയിൽ ഇതിൽ ഇടപാട് നടത്താം

മുൻകൂട്ടി അനുമതി നൽകുക: നിങ്ങൾ ഒരു നിശ്ചിത തുക പരിധിയായി നിശ്ചയിച്ചു നൽകുന്നു. 15000 രൂപവരെ എത്രതുക വേണമെങ്കിലും നിങ്ങൾക്ക് പരിധി നിശ്ചയിക്കാം. ഈ പരിധിക്കുള്ളിൽ നിന്ന് അവർക്ക് ഓരോ തവണയും നിങ്ങളോട് ചോദിക്കാതെ തന്നെ പണം നൽകാം. എന്നാൽ ഒരു തവണ പരമാവധി 5,000 വരെ മാത്രമേ ഇങ്ങനെ അയക്കാൻ കഴിയൂ.

ഓരോ തവണയും അനുമതി ആവശ്യം: സെക്കൻഡറി യൂസർ ഒരു പേയ്മെന്റ് നടത്തുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വരും. നിങ്ങൾ അത് അംഗീകരിച്ചാൽ മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ.

ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഐക്കണിൽ ആദ്യമായി ടാപ്പ് ചെയ്യുന്നവർക്ക് അതിൽ സെക്കൻഡറി യൂസറെ ചേർക്കുന്നതിനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക. ആ നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ നിങ്ങൾ നിശ്ചയിക്കുന്നയാൾക്ക് ഇടപാടുകൾ നടത്താനാവൂ.