പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ചു; വിലയിൽ മാറ്റമുണ്ടാവില്ല

രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ചു. പെട്രോളിൻ്റെയും ഡീസലിന്റെയും തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഡീസലിന് നികുതി ഇല്ലാതായി. പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു. . എന്നാൽ, ചില്ലറ വിൽപനവിലയിൽ കുറവ് വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ സ്വകാര്യ എണ്ണക്കമ്പനികളുടെ കൊള്ളലാഭം കൂട്ടുന്നതാണ് കേന്ദ്രസർക്കാർ നടപടി.

ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. മറ്റ് കമ്പനികളും പിന്നാലെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് തീരുവ കുറച്ചത്.

ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണവും മറുപടിയായുള്ള പ്രത്യാക്രമണവും സൃഷ്‌ടിച്ച ഊർജ പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്‌പരം ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.