ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും; ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും. ഈ കൗണ്ടറുകളിലെ പൂർണ്ണ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു . ഇത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്‌മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.

മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്‌ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കറന്‍സി ഇടപാടുകള്‍ ഇല്ലാതാക്കിയത് . പണമിടപാട് പൂര്‍ണമായും ഡിജിറ്റലാക്കിയാൽ ബുദ്ധിമുട്ടുകള്‍ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ പേയ്മെന്റ് മാത്രം എന്ന ഉത്തരവ് പിന്‍വലിക്കുന്നത്.