ഈ വർഷം രാജ്യത്ത് ഉഷ്ണ തരംഗം വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 2024 നേതിന് സമാനമായ കടുത്ത വേനൽക്കാലമായിരിക്കും ഇത്തവണ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ മോഹപാത്ര പറഞ്ഞു.
മാർച്ചിൽ മിക്ക പ്രദേശങ്ങളിലും കുറഞ്ഞ താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കാനാണ് സാധ്യത. ഐഎംഡിയുടെ കണക്കനുസരിച്ച് ഫെബ്രുവരി മാസത്തിൽ പരമാവധി താപനിലയും കുറഞ്ഞ താപനിലയും ശരാശരിയേക്കാൾ കൂടുതലായിരുന്നു. 1901-ൽ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ചാമത്തെ ഫെബ്രുവരിയായിരുന്നു ഇത്തവണ.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങൾ സാധാരണയുള്ളതിനേക്കാൾ 3 മുതൽ 15 ദിവസം വരെ അധികമായേക്കാമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഗോതമ്പ്, കടുക്, കടല തുടങ്ങിയ ശീതകാല വിളകൾ നട്ടുപിടിപ്പിക്കുന്നത്. ഇവയുടെ മികച്ച വിളവെടുപ്പിന് വളർച്ചാ ഘട്ടത്തിലുടനീളം തണുപ്പുള്ള കാലാവസ്‌ഥ ആവശ്യമാണ്. മാർച്ചിലെ ശരാശരിയേക്കാൾ ഉയർന്ന താപനില വിളഞ്ഞു പാകമാകുന്ന ശീതകാല വിളകളുടെ ധാന്യത്തിന്റെ വലുപ്പത്തെ ബാധിച്ചേക്കാമെന്നും ഇത് വിളവ് കുറയ്ക്കാൻ കാരണമായേക്കാമെന്നും മുംബൈ ആസ്ഥാനമായുള്ള ഒരു ആഗോള വ്യാപാര സ്‌ഥാപനത്തിലെ ഡീലർ പറയുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉൽപ്പാദകരും പാചക എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരുമായ ഇന്ത്യ 2026-ൽ മികച്ച വിളവെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അധികമായി വരുന്ന ഗോതമ്പ് കയറ്റുമതി ചെയ്യാനും പാം ഓയിൽ, സോയ, സൂര്യകാന്തി എണ്ണ എന്നിവയുടെ ചിലവേറിയ ഇറക്കുമതി കുറയ്ക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ചൂട് കൂടുന്നത് ജലസ്രോതസ്സുകൾ, വൈദ്യുതി, അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് വലിയ വെല്ലുവിളിയായേക്കാം. സംസ്‌ഥാന സർക്കാരുകളും ജില്ലാ ഭരണകൂടങ്ങളും കൃത്യസമയത്ത് മുൻകരുതലുകൾ എടുക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. തണുപ്പേകുന്ന ഷെൽട്ടറുകൾ സജ്ജമാക്കുക, ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുക, ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
