ഒരു കുത്തിവയ്‌പ്; ആറ്‌ മാസത്തേക്ക്‌ രക്തസമ്മര്‍ദ്ദത്തെ പേടിക്കേണ്ട

പലരെയും ഇന്ന്‌ ബാധിക്കുന്ന ഒരു രോഗമാണ്‌ അമിതമായ രക്തസമ്മര്‍ദ്ദം. ഓരോരുത്തരുടെയും രക്തസമ്മര്‍ദ്ദം അനുസരിച്ച്‌ പല ഡോസേജിലുള്ള മരുന്നുകള്‍ നിത്യവും കഴിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ഈ മരുന്ന്‌ ദിവസവും കഴിക്കേണ്ടത് മറക്കുന്നത്‌ താളം തെറ്റിയ രക്തസമ്മര്‍ദ്ദത്തിലേക്കും പല രോഗസങ്കീര്‍ണ്ണതകളിലേക്കും നയിക്കാം. എന്നാല്‍ ഇനി ഈ ടെന്‍ഷന്‍ ഒന്നും വേണ്ട. വര്‍ഷത്തില്‍ വെറും രണ്ട്‌ കുത്തിവയ്‌പ്പുകള്‍ എടുത്ത്‌ കൊണ്ട്‌ രക്തസമ്മര്‍ദ്ദത്തെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന്‌ പറയുകയാണ്‌ ശാസ്‌ത്ര ലോകം. ഇതിനായുള്ള പരീക്ഷണ പഠനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന്‌ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

രക്തസമ്മര്‍ദ്ദ ചികിത്സയില്‍ വലിയൊരു വഴിത്തിരിവാകും ഈ കണ്ടെത്തലെന്ന്‌ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പല പഠനങ്ങളില്‍ ഏറ്റവും പുരോഗമിച്ചിരിക്കുന്നത്‌ റോഷ്‌ ആന്‍ഡ്‌ അല്‍നിലം ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിലബേസിറാന്‍ എന്ന കുത്തിവയ്‌പ്പാണ്‌. സ്‌മോള്‍ ഇന്റര്‍ഫറിങ്‌ ആര്‍എന്‍എ സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ ഈ കുത്തിവയ്‌പ്പ്‌ രക്തസമ്മര്‍ദ്ദ നിയന്ത്രണത്തില്‍ നിര്‍ണ്ണായകമായ പ്രോട്ടീനെന്ന്‌ കരുതപ്പെടുന്ന ആന്‍ജിയോടെന്‍സിനോജന്റെ ഉത്‌പാദനത്തെ അമര്‍ത്തിവയ്‌ക്കുന്നു. ഇതിലൂടെ ആറ്‌ മാസത്തേക്ക്‌ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സിലബേസിറാന്‌ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലാണ്‌ ഈ കുത്തിവയ്‌പ്പ്‌ നിലവിലുള്ളത്‌.

നോവോ നോര്‍ഡിസ്‌കിന്റെ സില്‍ടിവെകിമാബ്‌ ആണ്‌ പ്രതീക്ഷ നല്‍കുന്ന മറ്റൊരു തെറാപ്പി. ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും സന്തുലനത്തെ നിയന്ത്രിക്കുന്ന ആല്‍ഡോസ്‌റ്റെറോണ്‍ ഹോര്‍മോണിനെ നിയന്ത്രിക്കുന്നതിനുള്ള കുത്തിവയ്‌പ്പുകളും പരീക്ഷണഘട്ടത്തിലാണ്‌. എന്നാല്‍ ഈ മരുന്നുകള്‍ പരീക്ഷണ ഘട്ടം പിന്നിട്ട്‌ വിപണിയിലെത്തുമ്പോള്‍ ഇവയുടെ വില എന്താകുമെന്നതിനെ സംബന്ധിച്ച്‌ ആശങ്കയുണ്ട്‌. വില കൂടിയ ഇഞ്ചക്ഷനുകള്‍ രക്താതിമര്‍ദ്ദം ഏറ്റവും അധികമുള്ള കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്‌ എത്ര കണ്ട്‌ താങ്ങാനാകുമെന്ന ചോദ്യവും നിലനില്‍ക്കുന്നു.