ഇന്നുമുതൽ ടി-20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ8 മത്സരങ്ങൾക്ക് തുടക്കം

പത്താമത് ടി-20 ക്രിക്കറ്റ് ലോകകപ്പിൽ യഥാർഥ പോരാട്ടം ശനിയാഴ്ച തുടങ്ങുന്നു. ദുർബലരായ ടീമുകൾ പ്രാഥമികറൗണ്ടിൽ അവരുടെ ദൗത്യം പൂർത്തിയാക്കി മടങ്ങി. ഇനി കരുത്തരിൽ കരുത്തരുടെ ‘സൂപ്പർ എയ്‌റ്റ്’ റൗണ്ട്. മുൻചാമ്പ്യന്മാരായ ഓസ്ട്രേലിയ പുറത്തായി എന്നതുമാത്രമാണ് പ്രാഥമികറൗണ്ടിലെ ഒരേയൊരു അദ്ഭുതം. ഓസ്ട്രേലിയയെ അട്ടിമറിച്ച സിംബാബ്വേ, അവസാന മത്സരത്തിൽ ശ്രീലങ്കയെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായതും അപ്രതീക്ഷിതമായി. സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ ശനിയാഴ്ച രാത്രി ഏഴിന് കൊളംബോയിൽ ന്യൂസീലൻഡ് പാകിസ്‌താനെ നേരിടും.

ഞായറാഴ്ച വൈകീട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. അന്ന് ശ്രീലങ്ക സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെ നേരിടും.

ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം ഒരേ ഗ്രൂപ്പിൽ

രണ്ടു ഗ്രൂപ്പുകളായാണ് സൂപ്പർ എട്ട് മത്സരം. ഗ്രൂപ്പിലെ ടീമുകൾ പരസ്‌പരം കളിക്കും. ഇതിൽ കൂടുതൽ പോയിൻ്റുനേടുന്ന രണ്ടു ടീമുകൾവീതം സെമിഫൈനലിലെത്തും. ഐ.സി.സി. നേരത്തെ നിശ്ചയിച്ച പ്രീ സീഡിങ് അനുസരിച്ചാണ് ഈ ഗ്രൂപ്പുകളെ നിശ്ചയിച്ചത്. ഈ ഘട്ടത്തിൽ ശക്തമായ മത്സരം ഉറപ്പാക്കുക, ഇന്ത്യ, ശ്രീലങ്ക എന്നീ ആതിഥേയരാജ്യങ്ങളുടെ മത്സരങ്ങൾ അതത് രാജ്യത്തുതന്നെ നടത്തുക, പാകിസ്‌താൻ ഇന്ത്യയിൽ കളിക്കാതിരിക്കുക തുടങ്ങിയ താത്പര്യങ്ങൾ പരിഗണിച്ചാണ് ഇങ്ങനെ പ്രീ സീഡിങ് അനുസരിച്ച് മത്സരക്രമവും വേദിയും നിശ്ചയിച്ചത്. എന്നാൽ, പ്രാഥമികറൗണ്ടിലെ ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം സൂപ്പർ എട്ടിൽ ഒരേ ഗ്രൂപ്പിൽ വന്നത് കൗതുകമായി. ബി ഗ്രൂപ്പിൽ ഓസ്ട്രേലിയക്കുപകരം സിംബാബ്വേ ഒന്നാംസ്ഥാനക്കാരായെത്തി.

ദക്ഷിണാഫ്രിക്കയെ കരുതിയിരിക്കണം

2024 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക കുറച്ചുകാലമായി സ്ഥിരതയോടെ കളിക്കുന്നതിനാൽ സൂപ്പർ എട്ടിൽ അവരെ കരുതിയിരിക്കണം. പലതവണ ഫൈനലിൽ എത്തിയിട്ടും ലോകകിരീടം നേടിയിട്ടില്ലാത്ത ന്യൂസീലൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകളെ അട്ടിമറിച്ചത്തിയ സിംബാബ്വേ എന്നീ ടീമുകൾ പ്രാഥമിക റൗണ്ടിൽ പിഴവുകളില്ലാത്ത കളി കാഴ്ചവെച്ചു. രണ്ടുതവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിന്റെയും ഒരുതവണ കിരീടം നേടിയ ഇംഗ്ലണ്ടിന്റെയും യഥാർഥശക്തി സൂപ്പർ എട്ടിൽ പ്രകടമാകും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമുള്ള ശ്രീലങ്ക, പ്രാഥമിക റൗണ്ടിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കച്ചമുറുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ നാലു ജയവും ആധികാരികമായിരുന്നെങ്കിലുംഅതിൽ മൂന്നും ദുർബലടീമുകൾക്കെതിരേയായിരുന്നു.

സാഹിബ്‌സദ മുന്നിൽ

നമീബിയക്കെതിരേ സെഞ്ചുറിനേടിയ പാകിസ്‌താന്റെ സാഹിബ്‌സദ ഫർഹാൻ ആകെ 220 റൺസുമായി റൺവേട്ടയിൽ മുന്നിൽനിൽക്കുന്നു. 176 റൺസുമായി പട്ടികയിൽ അഞ്ചാമതുള്ള ഇഷാൻ കിഷനാണ് ഇന്ത്യക്കാരിൽ ടോപ് സ്കോറർ. 13 വിക്കറ്റുമായി മുന്നിലായിരുന്ന യു.എസിന്റെ ഷാലെ വാൻ ഷാൽക്വിക് മടങ്ങി. ഒൻപതുവീതം വിക്കറ്റുമായി ഇന്ത്യയുടെ വരുൺ ചക്രവർത്തി, സിംബാബ്വേയുടെ ബ്ലെസ്സിങ് മുസറാബനി, സ്കോട്ട്ലൻഡിന്റെ മൈക്കേൽ ലീസ‌്, അഫ്ഗാനിസ്താന്റെ അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ടാമതുണ്ട്.