ബാങ്ക് ജീവനക്കാര്‍ക്ക് ഇൻസന്റീവ് നിരോധിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം ബാങ്ക് ജീവനക്കാർക്ക് നിരാശ സമ്മാനിക്കുന്നതാണ്. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒന്നായ ഇൻസന്റീവ് നിരോധിക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്ന് ലഭിക്കുന്ന ഇൻസന്റ്റീവ് ഇനത്തിലെ തുകയാണ് നിരോധിക്കുക. മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാർഡ്, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പോളിസി എന്നിവ വിൽക്കുന്നത് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇത്തരം പ്രോഡക്റ്റുകളുടെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ഇൻസന്റീവ് ആണ് നിരോധിക്കാൻ ആലോചിക്കുന്നത്.

ബാങ്കിന്റെ സഹകരണത്തോടെ ഉപഭോക്താക്കൾക്ക് ഇൻഷൂറൻസ്, മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ സേവനവും ഉത്പന്നങ്ങളും വിൽക്കുന്നതിനാണ് തടയിടുക. മറ്റു കമ്പനികളുടെ ഉത്പന്നങ്ങൾ ബാങ്കുകൾ സ്വന്തം ഉപഭോക്താകളെ അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റിസർവ് ബാങ്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കരട് നിർദേശം കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. നിർദേശത്തിൽ പറയുന്നത് അനുസരിച്ച് മറ്റൊരു കമ്പനിയുടെ പ്രോഡക്റ്റ് ബാങ്കിൻ്റെ പേരിൽ വിൽപ്പന നടത്താൻ പാടുള്ളതല്ല.

ഉദാഹരണമായി പറഞ്ഞാൽ ഒരു ഉപഭോക്താവ് ബാങ്കിൽ ലോണെടുക്കാനായി വരുമ്പോൾ ബാങ്കുകാർ മറ്റൊരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങണം എന്ന നിർദേശം മുന്നോട്ടുവയ്ക്കാൻ പാടുള്ളതല്ല. ഇത്തരം ഇടപാടുകൾക്ക് തടയിടുന്ന വ്യവസ്ഥയാണ് കരട് നിർദേശത്തിൽ പറയുന്നത്.

മറ്റു കമ്പനികളുടെ സാമ്പത്തിക സേവനങ്ങളും ഉത്പന്നങ്ങളും വാങ്ങണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണം. ബാങ്കിൽ എത്തി വാങ്ങുന്ന ഉത്പന്നമായതിനാൽ അത് മറ്റൊരു കമ്പനിയുടേതല്ലെന്ന തെറ്റിദ്ധാരണ ഉപഭോക്താവിന് ഉണ്ടാകും. ഇത്തരം സാഹചര്യത്തിൽ പരാതി ഉയർന്നാൽ മുഴുവൻ തുകയും തിരികെ നൽകേണ്ടി വരും.