ഭാരത് ടാക്‌സി: ഓൺലൈൻ ടാക്‌സി സർവീസുമായി കേന്ദ്രം; നിരക്ക്, ബുക്കിങ്, സവിശേഷതകൾ അറിയാം

ഉബർ, റാപ്പിഡോ, ഒല പോലുള്ള സ്വകാര്യ ഓൺലൈൻ ടാക്‌സി സർവീസിന് ബദലായി സഹകരണമന്ത്രാലയത്തിനു കീഴിൽ ഭാരത് ടാക്‌സി ഓൺലൈൻ ടാക്സിസംവിധാനം പുറത്തിറക്കി കേന്ദ്രസർക്കാർ. ആപ്പിൻ്റെ ഔദ്യോഗിക പ്രകാശനം സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു. ഡൽഹി-എൻ.സി.ആർ., അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം. ഈ വർഷം അവസാനത്തോടെ രാജ്യവ്യാപകമായി നടപ്പാക്കും.

സാരഥികൾ എന്ന പേരിലാകും ഡ്രൈവർമാർ അറിയപ്പെടുക. സ്വകാര്യ ഓൺലൈൻ ടാക്സി സേവനങ്ങൾക്കുള്ള നിരക്കിൽ 30 ശതമാനം തുക ഇടനിലക്കാരിലേക്ക് കമ്മിഷൻ ഇനത്തിൽ നീക്കിവെക്കപ്പെടുമ്പോൾ ഭാരത് ടാക്സിയിൽ വിഹിതം പൂർണമായും ഡ്രൈവർമാരിലേക്കെത്തും. നിശ്ചിത നിരക്കുമാത്രമേ ഭാരത് ടാക്സി വഴി ഈടാക്കൂ. ഡ്രൈവർമാരുടെ സാമൂഹികസുരക്ഷ ഉറപ്പാക്കും. ഇൻഷുറൻസ്, വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കും.

2002-ലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്‌ടിന് കീഴിലെ സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ് ഭാരത് ടാക്സ‌ി പ്രവർത്തിപ്പിക്കുക. ഇതിനകം നാലുലക്ഷം ഡ്രൈവർമാർ ചേർന്നു. 10 ലക്ഷം ഉപഭോക്താക്കളും രജിസ്റ്റർചെയ്തു.

സവിശേഷത

ഡ്രൈവർമാർ സഹ ഉടമസ്ഥർ.

കാറുകൾക്ക് 30 രൂപയും ഓട്ടോയ്ക്ക് 18 രൂപയും പ്രതിദിനം ഫീസായി അടച്ച് ഓൺലൈൻ ആപ്പിലേക്ക് ഡ്രൈവർമാർക്ക് കയറാം.

ഡ്രൈവർമാർക്ക് അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസും കുടുംബ ആരോഗ്യ ഇൻഷുറൻസും

ഉബർ, ഒല ആപ്പുകളെക്കാൾ 20-30 ശതമാനം കുറവ്.

നിരക്ക്

കുറഞ്ഞ ദൂരം (നാല് കി.മീ. വരെ)- 30 രൂപ, നാലുമുതൽ 12 കി.മീ. വരെ- കിലോമീറ്ററിന് 23 രൂപവീതം. 12 കി.മീറ്ററിനു മുകളിൽ കിലോമീറ്ററിന് 18 രൂപവീതം.

യാത്രക്കാർ ചെയ്യേണ്ടത്

ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ‘ഭാരത് ടാക്‌സി- കാബ്, ഓട്ടോ, ബൈക്ക്’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം

പേരും മൊബൈൽനമ്പറും രേഖപ്പെടുത്തി പുറപ്പെടുന്ന സ്ഥലവും എത്തേണ്ട സ്ഥലവും രേഖപ്പെടുത്തി ബുക്ക് ചെയ്യണം.

യു.പി.ഐ., വാലറ്റ് വഴി പണമിടപാട് നടത്താം. ഔദ്യോഗിക ലിങ്കുകൾ വഴി ഭാരത് ടാക്സി ആപ്പ് തിരഞ്ഞെടുക്കണം.