സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു

സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് കൂടിയത് 8640 രൂപ! ഗ്രാമിന് 1080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്‌ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.50 ലക്ഷം രൂപയ്ക്കടുത്ത് വരും. 16,395 രൂപയാണ് ഗ്രാം വില.

എന്തുകൊണ്ട് ഇത്രയും മുന്നേറ്റം?

രാജ്യാന്തര വില ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് 2 രൂപ മുതൽ 2.50 രൂപവരെ കൂടും. രാജ്യാന്തരവില 500 ഡോളറിലേറെയാണ് ഇന്നൊരു ഘട്ടത്തിൽ ഉയർന്നത്. പിന്നീടത് 460 ഡോളറിലേക്ക് കുറഞ്ഞു. അതായത്, കേരളത്തിൽ ഇന്ന് പവന് 10,000 രൂപ കൂടിയാലും അദ്ഭുതപ്പെടേണ്ടിയിരുന്നില്ല.

ഇന്ന് സ്വർണാഭരണം വാങ്ങാൻ എന്ത് ചെലവ് വരും?

1,31,160 രൂപയാണ് പവൻ വില. ഗ്രാമിന് 16,395 രൂപയും. ഇന്നൊരു ഗ്രാം സ്വർണാഭരണം വാങ്ങാൻ മിനിമം 10% പണിക്കൂലി പ്രകാരം 18,582 രൂപയാകും. 3% ജിഎസ്‌ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ഉൾപ്പെടെയാണിത്. ഒരു പവൻ ആഭരണം വാങ്ങാൻ 1,48,659 രൂപയും വേണം. അതായത്, ഒറ്റപ്പവൻ വാങ്ങാൻ ജ്വല്ലറികളിൽ പോകുന്നവർ കൈയിൽ ഒന്നരലക്ഷം രൂപയ്ക്കടുത്ത് കരുതണം.

ഇനിയും കൂടും

രാജ്യാന്തര സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരമായ 5,578 ഡോളർ വരെ എത്തിക്കഴിഞ്ഞു. 5,600 ഡോളർ എന്ന നാഴികക്കല്ല് അകലെയല്ല. വൈകാതെ 6,000വും ഭേദിച്ചേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.