കെഎസ്ആർടിസി പൊതുജനങ്ങൾക്കായി ആശുപത്രിയും മെഡിക്കൽ സ്റ്റോറും ലാബും തുടങ്ങും. കോട്ടയ്ക്കകത്ത് ആസ്ഥാനമന്ദിരത്തോടു ചേർന്നാണ് ഒരു കോടിരൂപ ചെലവിട്ട് ഡയാലിസിസ് സൗകര്യമുള്ള ആശുപത്രി ആരംഭിക്കുക. ജീവനക്കാർക്കുള്ള ക്ലിനിക്കാണ് പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ പാകത്തിൽ ആശുപത്രിയാക്കുന്നത്.
നെഫ്രോളജിസ്റ്റ് ഉൾപ്പെടെ സ്പെഷ്യാലിറ്റി സൗകര്യങ്ങളുണ്ടാകും. സ്വകാര്യ ആശുപത്രികളിൽ നിന്ന് വിദഗ്ധഡോക്ട്ടർമാരുടെ സേവനവും ലഭ്യമാക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടിൽ നിന്നാണ് ആശുപത്രി നവീകരണത്തിനുള്ള ഒരു കോടി ലഭിച്ചത്. അഞ്ച് ഡയാലിസിസ് യൂണിറ്റുകളും എണ്ണക്കമ്പനി നൽകുന്നുണ്ട്. മറ്റൊരു സ്ഥാപനത്തിൽ നിന്ന് അഞ്ചു ഡയാലിസിസ് യൂണിറ്റുകൾ കൂടി ലഭിക്കും.
അർബുദമരുന്നുകൾ ഉൾപ്പെടെ വിലക്കുറവിൽ നൽകാൻ മെഡിക്കൽ സ്റ്റോർകൂടി ഉണ്ടാകും. നടത്തിപ്പ് ചെലവിന് 10 ശതമാനം മാത്രം ലാഭമെടുത്തായിരിക്കും ഇവ പ്രവർത്തിക്കുക. ലാബ് സൗകര്യമൊരുക്കാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ (ആർജിസിബി) സഹകരണമാണ് ലഭിച്ചത്.
സൗജന്യനിരക്കിൽ പരിശോധനകൾ നടത്താനാകും. കൂടുതൽ സ്ഥലം അനുവദിച്ചാൽ സ്കാനിങ് സെന്റർകൂടി അനുവദിക്കാമെന്ന് ആർജിസിബി അധികൃതർ അറിയിച്ചിട്ടുണ്ട്. ചർച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു. കിഴക്കേക്കോട്ടയിലെ ശൗചാലയ നവീകരണത്തിന് ബിപിസിഎൽ 50 ലക്ഷം അനുവദിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് അടിയന്തര ചികിത്സാസഹായം നൽകാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ് ജീവനക്കാരിൽ നിന്ന് മാസം 50 രൂപവീതം സമാഹരിക്കും.
