ക്ലാസ്‌മുറിയിൽ പിൻബെഞ്ച് ഒഴിവാക്കൽ, പുതിയ ഇരിപ്പിട ക്രമീകരണം, സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിലെ വിദഗ്‌ധ സമിതി റിപ്പോർട്ടുകളിൽ പൊതുജനാഭിപ്രായം തേടാൻ സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റിയുടെ കരട് റിപ്പോർട്ടുകൾ എസ്‌സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിൽ അധ്യാപകരും വിദ്യാർഥികളും അടക്കം പൊതുസമൂഹത്തിന് 20-ാം തീയതി വരെ അഭിപ്രായം അറിയിക്കാം. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാകും അന്തിമതീരുമാനം.
20 കുട്ടികളിൽ താഴെയുള്ള ക്ലാസ്റൂമുകളിൽ ഇരിപ്പിടങ്ങൾ U ആകൃതിയിൽ ക്രമീകരിക്കാനാണ് നിർദേശം. സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കുന്നതിന് പാഠ്യപദ്ധതിയിലും പഠനരീതിയിലും മാറ്റം വേണമെന്നാണു മറ്റൊരു നിർദേശം. ദിവസം മൂന്നോ നാലോ വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി ടൈംടേബിൾ ക്രമീകരണം, പുസ്തകങ്ങൾ സൂക്ഷിക്കാൻ ക്ലാസുകളിൽ ലോക്കർ, വിവിധ വിഷയങ്ങൾ സംബന്ധിച്ച നോട്‌സ് എഴുതാൻ ഒരേ ബുക്ക്, പാഠപുസ്തകങ്ങൾ പങ്കിടൽ, ഡിജിറ്റൽ പതിപ്പ് ഉപയോഗം തുടങ്ങിയവ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
