സ്വർണത്തിൽ കുതിപ്പ് തുടരുന്നു: പവന് 102680 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്‍റെ വില 560 രൂപ കൂടി 1,02,680 രൂപയായി. ഗ്രാമിന്‍റെ വിലയാകട്ടെ 70 രൂപ വർധിച്ച് 12,765 രൂപയുമായി.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ട്രോയ് ഒൺസിന് 4,530 ഡോളറായാണ് ഉയർന്നത്. വെനസ്വേലയിലെ സംഘർഷവും എണ്ണ ടാങ്കറുകൾക്ക് മേലുള്ള ഉപരോധവുമാണ് ഇപ്പോഴത്തെ വർധനവിന് കാരണം. നൈജീരിയയില ഐസ്ഐസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതും സ്വർണവിലയെ സ്വാധീനിച്ചേക്കാം.

വെള്ളിയുടെ വിലയിലും വർധന തുടരുകയാണ്. സ്പോട് സിൽവർ വില 4.6 ശതമാനം ഉയർന്ന് ഔൺസിന് 75 ഡോളർ പിന്നിട്ടു. ആഗോള വിപണിയിലെ നേട്ടക്കണക്കെടുത്താൽ ഈ വർഷം ഇതുവരെ സ്വർണ വില 70 ശതമാനമാണ് ഉയർന്നത്. വെള്ളിയാകട്ടെ 150 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.