ഏകാന്തത: മുതിർന്നവരിലെ മൊബൈൽ ഫോൺ ഉപയോഗം ഏറുന്നു

തിരക്കേറിയ ലോകത്ത് ചെറുപ്പക്കാർ മാത്രമല്ല, മൊബൈലും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുന്ന പ്രായമായവരുടെ എണ്ണവുമേറുകയാണ്. അത് ക്രിയാത്മകമായ മാറ്റമുണ്ടാക്കുന്നുണ്ട്, ഒപ്പം തെറ്റായ വിവരം വിശ്വസിച്ച് പലരും ചതിക്കുഴിയിൽപ്പെടുന്നുമുണ്ട്. നഗരത്തിലുള്ളവരാണ് കൂടുതലായും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് പഠനം വ്യക്തമാക്കുന്നത്. അതിൽത്തന്നെ തെക്കൻ കേരളത്തിലുള്ളവർക്കിടയിലാണ് കൂടുതൽ.

അകലെയുള്ള പ്രിയപ്പെട്ടവരെ കണ്ടുകൊണ്ടുതന്നെ ആശയവിനിമയം നടത്താം. ലോകമെമ്പാടുമുള്ള സംഭവവികാസങ്ങൾ വിരൽത്തുമ്പിലെത്തുന്നു. ബില്ലുകൾ അടയ്ക്കാനും സാധനങ്ങൾ വാങ്ങാനുമെല്ലാം ഓൺലൈൻ പ്ലാറ്റ് ഫോമുകൾ സജ്ജം. സിനിമകളും വിനോദപരിപാടികളുമൊരുക്കി ഒടിടി പ്ലാറ്റ് ഫോമുകൾ. ഇതെല്ലാം മാനസികമായി മുതിർന്ന പൗരന്മാരെ വലിയതോതിൽ പിന്തുണയ്ക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ, മുതിർന്ന പൗരർ മൊബൈൽഫോണിലേക്ക് കണ്ണുനട്ടിരുന്ന് അതിന് അടിമപ്പെടുന്നസ്ഥിതി പ്രശ്നമാകും. സാങ്കേതിക പരിജ്ഞാനമില്ലാത്തത് സൈബർ തട്ടിപ്പിനുവരെ വഴിയൊരുക്കും.

കോവിഡ് കാലത്തിനുശേഷം സാമൂഹികമാധ്യമങ്ങളിലെങ്ങും ആരോഗ്യവുമായി ബന്ധപ്പെട്ട വീഡിയോകളുടെ അതിപ്രസരമുണ്ട്. അതിൽ ബഹുഭൂരിപക്ഷവും ആധികാരികമല്ലാത്തതും അശാസ്ത്രീയവുമാണ്. ഇത്തരം വീഡിയോകൾ വിശ്വസിച്ച് സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കാൻ കരുതൽവേണം. സ്ക്രീനിന് അടിപ്പെടുന്നത് ഉറക്കത്തെ ബാധിക്കും. തലച്ചോറിന്റെ വർക്കിങ് മെമ്മറി കുറയും. മൊബൈൽ നമ്പർ പോലുള്ള കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാതാവും. വിഷാദവും ഉത്കണ്ഠയും സൃഷ്ടിച്ചേക്കാം.