2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. പിഎസ്‌സി മുഖേന നികത്തപ്പെടേണ്ട ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കുലർ. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ല എങ്കിൽ ‘ഒഴിവുകൾ ഇല്ല’ എന്നും അറിയിക്കണം. പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഡിസംബർ 30നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ) വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും ഇക്കാര്യത്തിൽ വീഴ്ച്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച പ്രധാന നിർദേശങ്ങൾ:
ഒരു റാങ്ക് ലിസ്‌റ്റ് നിലവിലുള്ളപ്പോൾ ഉണ്ടാകുന്ന പിഎസ്‌സി മുഖേന നികത്തേണ്ട എല്ലാ ഒഴിവുകളും ബന്ധപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നുതന്നെ നികത്തണം.
നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കാത്തതു മൂലമുള്ള എൻജെഡി ഒഴിവുകളെല്ലാം നിശ്ചിത പ്രവേശന സമയം കഴിഞ്ഞ ഉടൻ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം. എൻജെഡി ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് പ്രവേശന സമയം ദീർഘിപ്പിക്കുവാനുള്ള അപേക്ഷകളൊന്നും വകുപ്പിന്റെ/സർക്കാരിന്റെ പരിഗണനയിൽ നിലവിലില്ലെന്ന് നിയമനാധികാരി ഉറപ്പു വരുത്തണം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം, ദിവസക്കൂലി/കരാർ നിയമനം മുതലായ താൽക്കാലിക നിയമന രീതികളൊന്നും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും അവലംബിക്കാൻ പാടില്ല.
പിഎസ്സിയുടെ ഇ-വേക്കൻസി സോഫ്റ്റ് വെയർ മുഖേനയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ വിവരം കൃത്യമാണ് എന്ന് വകുപ്പധ്യക്ഷൻമാർ/നിയമനാധികാരികൾ ഉറപ്പു വരുത്തണം.
സംസ്‌ഥാനതല റിക്രൂട്മെന്റുകൾ നടക്കുന്ന തസ്തികകളിൽ പ്രതീക്ഷിത ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷനായിരിക്കണം.
ജില്ലാതല റിക്രൂട്മെന്റ് നടക്കുന്ന തസ്തികയിൽ നിന്ന് സ്‌ഥാനക്കയറ്റം ലഭിച്ച ഒരു ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ ഏതു ജില്ലയിലാണ് എൻട്രി കേഡർ തസ്‌തികയിൽ ഒഴിവുണ്ടാകുക എന്നത് സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്‌ഥാനത്തിൽ കണക്കാക്കണം. ഇക്കാര്യം വകുപ്പ് തലവൻ ജില്ലാ ഓഫിസറെ അറിയിക്കണം. ജില്ലാ ഓഫിസർ അതു പിഎസ്‌സിയെ അറിയിക്കണം.
പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കുമ്പോൾ സ്പെഷൽ റൂൾസ് പ്രകാരം അനുവദനീയമായ തസ്തികമാറ്റ നിയമനം, അന്തർ ജില്ലാ/അന്തർ വകുപ്പ് സ്‌ഥലംമാറ്റം, ആശ്രിത നിയമനം, മറ്റു നിയമനങ്ങൾ എന്നിവയ്ക്കായി ഒഴിവുകൾ കണക്കാക്കി നീക്കി വയ്ക്കണം.
ഒരിക്കൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവ് റദ്ദാക്കാനോ കുറവു വരുത്താനോ കഴിയില്ല എന്നതിനാൽ ഒഴിവ് റിപ്പോർട്ട് ചെയ്യുമ്പോൾ നിയമനാധികാരികൾ ജാഗ്രത പുലർത്തണം. ഒഴിവ് നിലവിൽ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം. പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം/സ്‌ഥലംമാറ്റം എന്നിവയിലൂടെ നികത്താൻ പാടില്ല.
പ്രതീക്ഷിത ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ സ്പെഷൽ റിക്രൂട്മെന്റിനായി റിസർവ് ചെയ്തവയും ജനറൽ റിക്രൂട്മെന്റിനുള്ള ഒഴിവുകളും പ്രത്യേകമായി തരം തിരിച്ച് റിപ്പോർട്ട് ചെയ്യണം.
ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, അന്യത്ര സേവന ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം. 3 മുതൽ 6 മാസം വരെയുള്ള അവധി ഒഴിവ് ദീർഘകാലം നിലനിൽക്കാനും പുതിയ ഒഴിവ് അക്കാലയളവിൽ ഉണ്ടാകുവാനും സാധ്യതയുണ്ടെങ്കിൽ അങ്ങനെയുള്ള ഒഴിവും റിപ്പോർട്ട് ചെയ്യണം.
പ്രത്യേക റാങ്ക് ലിസ്‌റ്റുകളിൽ നിന്നു നിയമനം നടത്തുന്നതും കേഡർ സ്ട്രങ്‌ത് വളരെ കുറവുള്ളതുമായ തസ്തികകളിൽ 6 മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, അന്യത്ര സേവന ഒഴിവുകൾ എന്നിവയ്ക്ക് ആനുപാതികമായി പുതിയ ഒഴിവുകൾ അക്കാലയളവിൽ ഉണ്ടാകുവാൻ സാധ്യതയുണ്ടെങ്കിൽ മാത്രം ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ മതി
ആറു മാസം ദൈർഘ്യമുള്ള പ്രസവാവധി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഈ ഒഴിവ് 6 മാസത്തിലധികം നിലനിൽക്കാനും പുതിയ ഒഴിവ് അക്കാലയളവിൽ ഉണ്ടാകുവാനും സാധ്യതയുണ്ടെങ്കിൽ ഈ ഒഴിവ് റിപ്പോർട്ട് ചെയ്യണം.
വിവിധ വകുപ്പുകളിൽ ഡ്രൈവർ/ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 2026 കലണ്ടർ വർഷത്തിൽ ഉണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല.
അവ യഥാർഥ ഒഴിവുകൾ ആകുന്ന മുറയ്ക്ക് 2024 മാർച്ച് 19ലെ സർക്കുലർ വ്യവസ്‌ഥകൾ പാലിച്ച് റിപ്പോർട്ട് ചെയ്താൽ മതി
