തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്; ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി സണ്ണി ഡിയോളും ഇഷയും

ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങള്‍ കിംവതന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്‍റെ ആരോഗ്യം മെച്ചപെട്ടുവരുന്നുവെന്നും ഇവർ അറിയിച്ചു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാര‍്‍ത്തകൾ പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ധര്‍മേന്ദ്രയെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോളും വ്യക്തമാക്കി. ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിന്‍വലിച്ചു. ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രമുഖ ബോളിവുഡ് നടൻ ധർമ്മേന്ദ്ര(89 വയസ്സ്) ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലാണ്. നടി ഹേമമാലിനിയാണ് ഭാര്യ. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍.

1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തന്‍റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്‍റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ബോളിവുഡിന്റെ ഹീമാൻ എന്നായിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന വിശേഷണം.