പെരുമ്പളം ദ്വീപുനിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പെരുമ്പളം പാലം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. വേമ്പനാട്ട് കായലിലെ ഏറ്റവും നീളം കൂടിയ പാലമാണ്. 1157 മീറ്ററാണ് നീളം. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി. കിഫ്ബിയിൽ 100 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ഇനി പെയ്ന്റിങ് ജോലികൾ മാത്രമാണ് തീരാനുള്ളത്. സമീപ പാതയായ വടുതല ഭാഗത്തെ റോഡ് നിർമാണം 95 ശതമാനവും പെരുമ്പളം ഭാഗത്ത് 70 ശതമാനവും പൂർത്തിയായി.
പെരുമ്പളം ഭാഗത്തെ സമീപന റോഡ് നിർമാണം മഴ മൂലം പ്രതിസന്ധിയിലാണ്. ചതുപ്പ് പ്രദേശമായതിനാൽ തെങ്ങിൻ കുറ്റി, ഗ്രാവൽ തുടങ്ങിയവ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് റോഡ് നിർമാണം നടക്കുന്നത്. 8000ൽ ഏറെ തെങ്ങിൻ കുറ്റികളാണ് ഇതിനായി ഭൂമിക്കടിയിൽ താഴ്ത്തിയത്. ഇടിയാതിരിക്കാനും വശങ്ങൾ ശക്തതമാകാനും മണലും ഗ്രാവലും ടാറും ഉപയോഗിക്കുന്നുണ്ട്. ജിയോടെക്സസ്, ജിയോ ഗ്രിഡ് നിർമാണ രീതികൾ ഉപയോഗിച്ചും ഇപ്പോൾ ഗ്രാവൽ വിരിക്കുകയാണ്. ശേഷം മെറ്റൽ വിരിച്ച് ഉന്നത നിലവാരത്തിൽ ടാർ ചെയ്യണം. ഇവിടെ 75 ശതമാനത്തോളം നിർമാണമാണ് പൂർത്തിയാക്കിയത്.
ഇരുവശങ്ങളിലും 300 മീറ്റർ നീളത്തിലാണ് സമീപന റോഡ്. 9.5 മീറ്ററാണു വീതി. പാലത്തിൽ പെയ്ന്റിങ് തുടങ്ങിയിട്ടുണ്ട്. തെരുവു വിളക്കു സ്ഥാപിക്കൽ, ടാറിങ് തുടങ്ങിയവയാണ് ചെയ്യാനുള്ളത്. ഡിസംബറിൽ പാലം ഉദ്ഘാടനം ചെയ്യുമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കേരളത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം നിർമിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ പതിറ്റാണ്ടുകളായുള്ള ദ്വീപുനിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
ചേർത്തല അരൂക്കുറ്റി റോഡിൽ നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട – തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പാലം രൂപകൽപന ചെയ്തിട്ടുള്ളത്. ദേശീയ ജലപാതയായതിനാൽ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന് പാലത്തിന്റെ നടുവിൽ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമാണം. നിലവിൽ വള്ളത്തിലും ബോട്ടിലും ജങ്കാറിലുമാണ് ദ്വീപുനിവാസികൾ കര തൊടുന്നത്. ആലപ്പുഴ ജില്ലയുടെ ഭാഗമാണ് പെരുമ്പളം ദ്വീപെങ്കിലും എറണാകുളം- കോട്ടയം ജില്ലകളോടു തൊട്ടുകിടക്കുന്ന വേമ്പനാട് കായലിനു നടുവിലാണിത്.
