നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. 10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകൾ.
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന് പുലർച്ചെ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം കിഴക്കേ മണ്ഡപത്തിൽ എത്തിക്കും. തുടർന്ന് തന്ത്രി കണ്ഠര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും. ഭഗവാന് മുന്നിൽ കതിരുകൾ വച്ച് പ്രത്യേക പൂജ നടത്തിയതിനു ശേഷം, നട തുറന്ന് ആദ്യം പൂജിച്ച നെൽക്കതിരുകൾ ശ്രീകോവിലിന് മുൻപിൽ കെട്ടിയിടും. തുടർന്ന് ഭക്തർക്ക് നെൽക്കതിരുകൾ വിതരണം ചെയ്യും.
തിരുവിതാംകൂർ കൊട്ടാരമാണ് നിറപുത്തരിയുടെ ദിനവും മുഹൂർത്തവും നിശ്ചയിക്കുന്നത്. ഈ മുഹൂർത്തത്തിൽ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും നിറപുത്തരി മഹോത്സവം ആഘോഷിക്കും. പാലക്കാടിനു പുറമേ, അച്ചൻകോവിൽ, ആറന്മുള എന്നിവിടങ്ങളിൽ നിന്നും നിറപുത്തരിക്കായി നെൽക്കതിരുകൾ എത്തിക്കാറുണ്ട്.
നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, അന്നേദിവസം രാത്രി 10മണിക്ക് തന്നെ നട അടയ്ക്കുന്നതാണ്. തുടർന്ന് ചിങ്ങമാസ പൂജകൾക്കായി 16-ാം തീയതി നട തുറക്കും.