വണ്ടി കൃത്യമായി പാര്‍ക്ക് ചെയ്യാനും അറിയുന്നവര്‍ക്കേ ലൈസന്‍സുള്ളൂ; ടെസ്റ്റ് കടുപ്പിക്കാന്‍ MVD

വാഹനം ഓടിക്കാൻ മാത്രമല്ല മറ്റുള്ളവർക്ക് തടസ്സമില്ലാതെ നിർത്തിയിടാനും പഠിച്ചാലേ ഇനി ഡ്രൈവിങ് ലൈസൻസ് കിട്ടുകയുള്ളൂ. പാർക്കിങ് മികവുകൂടി വിലയിരുത്തി ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കടുപ്പിക്കാനുള്ള നീക്കത്തിലാണ് മോട്ടോർവാഹന വകുപ്പ്. റോഡ് ടെസ്റ്റിൽ പാർക്കിങ് മികവുകൂടി പരിശോധിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ടെസ്റ്റിനിടെ വളവുകൾ, പാലങ്ങൾ, സിഗ്‌നലുകൾ, സീബ്രാലൈൻ, ഫുട്പാത്ത് തുടങ്ങി പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ വാഹനം നിർത്തിയാൽ പരാജയപ്പെടും.

നിരത്തിലെ മറ്റുവാഹനങ്ങൾക്ക് തടസ്സമില്ലാതെ സിഗ്‌നൽനൽകി വാഹനം ഒതുക്കിയില്ലെങ്കിലും പരാജയപ്പെടും. നിലവിൽ 50 ശതമാനം പേരാണ് ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നത്. ഇത് കുറഞ്ഞേക്കും. ഫുട്പാത്ത് കൈയേറിയുള്ള അനധികൃത പാർക്കിങ് കാൽനടയാത്രികരെ അപകടത്തിലാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇത് ശ്രദ്ധയിൽപെട്ട ഹൈക്കോടതി മോട്ടോർവാഹനവകുപ്പിനോട് വിശദീകരണം തേടിയിരുന്നു. ഡ്രൈവിങ് സ്കൂളുകളിലെ പരിശോധന കർശനമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.