അരി എത്തുന്നില്ല; വെള്ള, നീല കാർഡുകൾക്ക് ഈ മാസം രണ്ടു കിലോ മാത്രം

സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ അരി വിഹിതം രണ്ടു കിലോയായി ചുരുങ്ങി. കഴിഞ്ഞ മാസം ഏഴു കിലോയും അതിനു മുമ്പുള്ള ആറുമാസക്കാലം പത്തുകിലോ വീതവുമാണ് ഈ കാർഡുകാർക്ക് നൽകിയിരുന്നത്.

ഓണം സ്പെഷ്യൽ അലോട്ട്‌മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല. ഓണത്തിന് വിതരണം ചെയ്യാനുള്ള കൂടുതൽ അരിവിഹിതം എത്രയാണെന്നോ എത്ര കിട്ടുമെന്നോ ഇനിയും അറിയില്ല. പ്രത്യേക അലോട്ട്‌മെന്റ് വന്നാൽ പട്ടിക നൽകി അരി വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മഞ്ഞ, പിങ്ക് കാർഡുകാർക്ക് കേന്ദ്ര അലോട്ട്‌മെന്റിലൂടെ അരി ലഭിക്കുമ്പോൾ മറ്റുള്ള കാർഡുകാർക്ക് കേന്ദ്രത്തിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും സംസ്ഥാന സർക്കാർ പണം കൊടുത്ത് അരി വാങ്ങിയാണ് വിതരണം ചെയ്തുവരുന്നത്. വിളവുകാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ കൂടുതലായി കിട്ടുന്ന അരി സംഭരിച്ചുവെച്ചാണ് മുൻ മാസങ്ങളിൽ കൂടുതൽ അരി വിതരണം ചെയ്തിരുന്നത്. എന്നാൽ, നീക്കിയിരിപ്പ് കുറഞ്ഞതോടെ കാർഡുടമകൾക്ക് അരിവിഹിതം കുറയ്ക്കേണ്ട അവസ്ഥയായി.