സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 82560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 10,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില 80,000 പിന്നിട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
നടപ്പുവർഷം ഫെഡറൽ റിസർവ് രണ്ട് തവണ കൂടി പലിശ കുറയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ സ്വർണ വില വരും ദിവസങ്ങളിലും കുതിപ്പ് തുടർന്നേക്കും. അതേസമയം വിലക്കുതിപ്പ് രാജ്യത്തെ സ്വർണാഭരണ വിപണിക്ക് തിരിച്ചടിയായേക്കും. ദീപാവലിയോടെ പവൻ വില 85,000 രൂപയിലെത്തിയേക്കുമെന്നാണ് സാമ്പത്തികവിദഗ്ദർ പറയുന്നത്.
