ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നാളെ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ. എൻഡിഎ സ്ഥാനാർഥി മഹാരാഷ്ട്രാ ഗവർണർ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും കക്ഷിനേതാക്കളെയും എംപിമാരെയും നേരിൽക്കണ്ട് പിന്തുണതേടി.
788 പേരാണ് ഇലക്ടറൽ കോളേജിലുള്ളത്. ഒഴിവുകൾ മാറ്റിനിർത്തിയാൽ ഇത് 781 ആണ്. ഭൂരിപക്ഷത്തിന് 391 വോട്ടുകൾ വേണം. എൻഡിഎയ്ക്ക് 422 അംഗങ്ങളുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കൾ എംപിമാരോട് വിശദീകരിക്കും.
