കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള പുതിയ പാതയുടെ കരട് റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ പരിഗണനയിലേക്ക്. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമിക്കുന്നതു സംബന്ധിച്ച കരട് റിപ്പോർട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
അനുകൂല ഘടകങ്ങൾ
∙ പൂർണമായും പുതിയ റോഡാണ് നിർമിക്കുന്നത്.
∙ പാടശേഖരങ്ങൾ വഴിയാണ് റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും കടന്നു പോകുന്നത്.
∙ കവണാറ്റിൻകര– കൈപ്പുഴമുട്ട് ഭാഗത്താണ് നിലവിലെ റോഡിന്റെ ഭാഗങ്ങൾ ഭാഗികമായി ഉപയോഗിക്കുന്നത്.
∙ സമതല പ്രദേശങ്ങൾ വഴി റോഡ് കടന്നു പോകുന്നത് നിർമാണം വേഗത്തിലാക്കും.
∙ കൃഷി, നീരൊഴുക്ക് എന്നിവയുള്ള സ്ഥലങ്ങളിൽ ഉയരപ്പാത നിർമിക്കാൻ നിർദേശം
പാതയുടെ ഗുണങ്ങൾ
∙ കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകൾക്ക് പാത പ്രയോജനം. മധ്യ കേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായരംഗത്തിന് സഹായകരം.
∙ ഒരു മണിക്കൂറിൽ കോട്ടയത്തുനിന്ന് തൃപ്പൂണിത്തുറയിൽ എത്താം.
∙ നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടക്കമുള്ള സ്ഥലങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം.
∙ കുമരകം അടക്കമുള്ള കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ളവർക്ക് കൊച്ചിയിൽനിന്ന് വേഗത്തിൽ എത്താം.
∙ കാഞ്ഞിരം, മലരിക്കൽ, വെട്ടിക്കാട് എന്നീ പ്രദേശങ്ങളുടെ സമീപത്തു കൂടി റോഡ് എത്തുന്നത് ഉൾനാടൻ ടൂറിസത്തിന് കൂടുതൽ സഹായമാകും.
കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി വാഹനങ്ങൾ എന്നു ദേശീയപാത വിഭാഗത്തിന്റെ കണക്ക്. ഇതു പരിഗണിച്ചാണ് പുതിയ റോഡിനുള്ള നിർദേശം അംഗീകരിച്ചത്.
∙ കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങൾ: 90,000 പിസിയു
∙ സമതല ഭൂമിയിലെ രണ്ട് ലെയ്ൻ റോഡിൽ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ ശേഷി: 10,000 പിസിയു
(റോഡിലെ ട്രാഫിക് കപ്പാസിറ്റി കണക്കാക്കുന്ന യൂണിറ്റാണ് പാസഞ്ചർ കാർ യൂണിറ്റ് (പിസിയു). വ്യത്യസ്ത വാഹനങ്ങളുടെ ഗതാഗത സ്വാധീനം ഒരു കാറിനോട് താരതമ്യപ്പെടുത്തിയാണ് പിസിയു കണക്കാക്കുന്നത്.).
വഴി വരുന്ന ‘വഴി’
പുതിയ റോഡിന്റെ കരട് റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചത്. ഇനി നടക്കേണ്ടത്:
∙ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലത്തെത്തി പാത സംബന്ധിച്ച പഠനം നടത്തണം. ഇപ്പോഴുള്ള നിർദേശങ്ങൾ തന്നെ സംഘം അനുവദിക്കണമെന്നില്ല.
∙ നിലവിലുള്ള പാതയിലെ തിരക്ക്, നിർമാണ ചെലവ്, പുതിയ പാതയുടെ പ്രയോജനം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ചേർത്തുള്ള പഠനം നടത്തും.
∙ ഈ പഠനം അനുകൂലമായാൽ കൺസൽറ്റൻസിയെ നിയമിക്കും.
∙ ഈ കൺസൽറ്റൻസി അലൈൻമെന്റ് അടക്കം വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കും.
∙ ഇതു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകും. പാതയുടെ സാമ്പത്തിക വശം അടക്കം പഠിച്ച ശേഷം ഗതാഗത മന്ത്രാലയം അനുമതി നൽകണോ വേണ്ടയോ എന്നു തീരുമാനിക്കും.
∙ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമാണ് റോഡിന്റെ അലൈൻമെന്റ് ഏതെന്ന് ഉറപ്പിക്കുന്നത്.
∙ ഇതിനു ശേഷമാണ് സ്ഥലമേറ്റെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടക്കുക.
