കേന്ദ്രസർക്കാരിനു കീഴിലുള്ള മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ (എംഎസ്ടിസി) വഴി ഇ ലേലത്തിൽ വിറ്റുപോകാത്ത വാഹനങ്ങൾ പൊതുലേലം വഴി വിൽക്കാൻ എക്സൈസ് വകുപ്പിനു സർക്കാർ അനുമതി നൽകി. അബ്കാരി കേസിലെ 904 വാഹനങ്ങളും ലഹരിക്കേസിലെ 477 വാഹനങ്ങളുമാണ് ഓഗസ്റ്റ് 11 മുതൽ 21 വരെ വിവിധ ജില്ലകളിലായി പൊതുലേലത്തിനു വയ്ക്കുക.
കഴിഞ്ഞ ജനുവരി വരെ 8362 വാഹനങ്ങൾ ലേലം ചെയ്യാനായി എക്സൈസിന്റെ പക്കൽ ശേഷിക്കുന്നുണ്ട്. ഇവയിൽ ഒരുവട്ടം എംഎസ്ടിസി വഴി ഇ ലേലത്തിനു ശ്രമിച്ചിട്ടും കഴിയാതെ വന്നവ മാത്രം പൊതുലേലത്തിലൂടെ വിൽക്കാനാണ് അനുമതി. ഏറെയും ഇരുചക്ര വാഹനങ്ങളാണ്. കേന്ദ്രസർക്കാർ വെബ്സൈറ്റായ എംഎസ്ടിസി വഴി നടത്തി വന്നിരുന്ന ലേലത്തിൽ പങ്കെടുക്കണമെങ്കിൽ രജിസ്ട്രേഷൻ ഫീസായി 10,000 രൂപയും ജിഎസ്ടിയും നൽകണം. ഇതുമൂലം സാധാരണക്കാർ പങ്കെടുക്കുന്നില്ലെന്നും വാഹനങ്ങൾക്ക് വിപണി വില ലഭിച്ചിരുന്നില്ലെന്നും വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് വിൽക്കുന്നതെന്നും വിലയിരുത്തിയാണ് പൊതുലേലത്തിനുള്ള തീരുമാനം. ഇക്കാര്യം പഠിച്ച സമിതി ഓരോ മാസവും പൊതുലേലം നടത്താനാണ് ശുപാർശ ചെയ്തത്.
തിരുവനന്തപുരം, മലപ്പുറം( 11ന്), കൊല്ലം, കണ്ണൂർ (12), പത്തനംതിട്ട(13), ഇടുക്കി, വയനാട് (14),കോട്ടയം, കാസർകോട്( 16), എറണാകുളം (18), തൃശൂർ(19), പാലക്കാട് (20), ആലപ്പുഴ, കോഴിക്കോട് (21) എന്നിങ്ങനെയാണ് ലേലം നടക്കുക. ടൊയോട്ട ഇന്നോവ, മഹീന്ദ്ര ഥാർ തുടങ്ങി രജിസ്റ്റർ പോലും ചെയ്യാത്ത നിരവധി വാഹനങ്ങള്‍ ലേലത്തിലുണ്ട്.
