ഒന്നാം ഏകദിനത്തിൽ വിൻഡീസിനെ തകർത്ത് ടീം ഇന്ത്യ

വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. 115 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയ തീരത്തെത്തിയത്. 46 പന്തിൽ 52 റൺസുമായി ഇഷാൻ കിഷനാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. മറ്റ് താരങ്ങൾക്ക് ബാറ്റിംഗിന് അവസരം കൊടുക്കാനായി വിരാട് കൊഹ്ലി ക്രീസിലിറങ്ങാതിരുന്നപ്പോൾ നായകൻ രോഹിത് ശർമ്മ ഏഴാമനായാണ് ക്രീസിലെത്തിയത്.

ഇഷാൻ കിഷന് ഓപ്പണിംഗിൽ ശുഭ്‌മാൻ ഗില്ലിനൊപ്പം അവസരം കൊടുക്കുകയായിരുന്നു. എന്നാൽ 16 പന്തിൽ 17 റൺസുമായി ഗിൽ പുറത്തായി. ജെയ്‌ഡൻ സീൽസിൻ്റെ പന്തിൽ സ്ലിപ്പിൽ ബ്രാണ്ടൻ കിംഗിനായിരുന്നു ക്യാച്ച്. തുടർന്നെത്തിയ സൂര്യകുമാർ യാദവ് (25 പന്തിൽ 19) നന്നായി ബാറ്റ് വീശിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാൻ ശ്രമിച്ച് എൽബിയിൽ മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 7 പന്തിൽ 5 റണ്ണെടുത്ത് ഹാർദിക്കും കൂടാരം കയറി. 52 റൺസുമായി മുന്നേറിയ ഇഷാൻ കിഷനെയും മോട്ടി മടക്കി. 1 റണ്ണുമായി ഷർദുൽ ഠാക്കൂറും കൂടാരം കയറിയതോടെ രവീന്ദ്ര ജഡേജയും(16), രോഹിത് ശർമ്മയും(12) ചേർന്ന് ടീമിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു.