ശബരിമല ക്ഷേത്രം ഒരു മാസം മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് ജൂലൈ സാക്ഷ്യം വഹിക്കും

ജൂലൈയില്‍ ശബരിമല ക്ഷേത്രം ഒരു മാസം തന്നെ മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് സാക്ഷ്യം വഹിക്കും. നവഗ്രഹ പ്രതിഷ്ഠ, കര്‍ക്കടകമാസ പൂജ, നിറപുത്തരി എന്നിവയാണ് ജൂലൈയില്‍ ഒരു മാസം തന്നെ ഒത്തു ചേരുന്നത്.

മാളികപ്പുറത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്കായി 11നും കര്‍ക്കടക മാസ പൂജയ്‌ക്കായി 16 നും നിറപുത്തരി പൂജയ്‌ക്കു മുന്നോടിയായി 29 നുമാണ് ജൂലൈയില്‍ നട തുറക്കുന്നത്.

കാര്‍ഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി നടത്തുന്ന നിറപുത്തരി ജൂലൈ 30 നാണെന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മുഹൂര്‍ത്തം നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ജൂലായ് 30നാണ് നിറപുത്തരി ആഘോഷിക്കുന്നത്. പുലര്‍ച്ചെ 5.30 നും 6.30 നും മദ്ധ്യേ , അത്തം നക്ഷത്രവും കര്‍ക്കടക രാശിയും ചേര്‍ന്നു വരുന്നതിനാലാണ് അന്ന് നിറപുത്തരി പൂജ നടത്തുന്നത്.